പോലിസ് ജീപ്പിന് കല്ലെറിഞ്ഞ പ്രതികള്‍ പിടിയില്‍

പാരിപ്പള്ളി: പുതുവര്‍ഷാഘോഷത്തിനിടെ പോലിസ് ജീപ്പിന് കല്ലെറിഞ്ഞ ശേഷം ഒളിവിലായിരുന്ന പ്രതികളെ പാരിപ്പള്ളി പോലിസ് പിടികൂടി. വെല്‍ഡിങ് പണിക്കാരനായ കുളമട കഴുത്തുംമൂട് സഞ്ചിത്ത് ഭവനില്‍ പൊടി എന്ന സച്ചിന്‍(20), കാവടിക്കോണം കൃഷ്ണമന്ദിരത്തില്‍ മോനു എന്ന സോണി(19) എന്നിവരാണ് അറസ്റ്റിലായത്. പുതുവര്‍ഷ ദിവസം കുളമടയില്‍ അക്രമം നടക്കുന്നതറിഞ്ഞ് പാരിപ്പള്ളി അഡി. എസ്‌ഐ ഗിരീശന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് കുളമട മാടന്‍കാവിന് സമീപം വച്ച് അക്രമികള്‍ ബിയര്‍കുപ്പികളും കല്ലും പോലിസ് ജീപ്പിന് നേരെ വലിച്ചെറിഞ്ഞത്. കല്ലേറില്‍ പോലിസ് ജീപ്പിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ പാരിപ്പള്ളി എസ്‌ഐ രാജേഷ്, അഡി.എസ്‌ഐ ഗിരീശന്‍, എസ് സിപിഒ മാരായ നൗഷാദ്, രമേശ്, സാബുലാല്‍, ജയിന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ബദറുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top