പോലിസ് ചോദ്യംചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: സിപിഎം നഗരസഭാംഗത്തിന്റെ പരാതിയില്‍ പോലിസ് ചോദ്യംചെയ്തു വിട്ടയച്ച ദമ്പതികളെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി കണ്ണന്‍ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന പുവഴാത് ഇല്ലംപള്ളില്‍ സുനില്‍കുമാര്‍ (31), ഭാര്യ രേഷ്മ (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് കിടപ്പുമുറിയില്‍ വിഷം കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. പോലിസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണ് ആത്മഹത്യ.
സ്വര്‍ണപ്പണിക്കാരനായ സുനില്‍ 12 വര്‍ഷമായി ചങ്ങനാശ്ശേരി നഗരസഭാംഗമായ അഡ്വ. സജികുമാറിന്റെ സ്വര്‍ണപ്പണിക്കാരനായിരുന്നു. കഴിഞ്ഞദിവസം കണക്കു നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരേ ചങ്ങനാശ്ശേരി പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സുനില്‍കുമാറിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് പോലിസ് ചോദ്യം ചെയ്തു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി സുനില്‍കുമാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.
ബുധനാഴ്ച വൈകീട്ട് 4ന് മുമ്പ് എട്ടുലക്ഷം രൂപ സജികുമാറിനു കൈമാറണമെന്ന് പോലിസ് പറഞ്ഞുവെന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍കുമാര്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായി ജ്യേഷ്ഠന്‍ അനില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് അരകിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന അനില്‍ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. സുനിലിന് ഈ സമയം ബോധമുണ്ടായിരുന്നു. തറയില്‍ രണ്ടു ഗ്ലാസുകളിലായി ലായനി കലക്കിവച്ച നിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പോലിസില്‍ വിവരം അറിയിച്ചു. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചതായി പോലിസ് പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചു പോലിസ് നടത്തിയ മര്‍ദനം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോപണവിധേയനായ എസ്‌ഐയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരി പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചങ്ങനാശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വാകത്താനം സിഐ മനോജ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്‌ഐ ഷമീര്‍ഖാനെ സ്ഥലംമാറ്റി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.

RELATED STORIES

Share it
Top