പോലിസ് കസ്റ്റഡി മരണങ്ങളില്‍കുറവില്ല: ഡല്‍ഹി ഹൈക്കോടതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി:  സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും പോലിസ് കസ്റ്റഡി മരണങ്ങളില്‍ കുറവുണ്ടായിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.  കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സ്റ്റാഫ് ഉദ്യോഗസ്ഥരായ ആറു പോലിസുകാര്‍ക്കെതിരായ വിചാരണ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.  1995ല്‍ ദലിപ് ചക്രബൊര്‍തി എന്നയാള്‍ പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നടപടി. വിചാരണ കോടതി വിധിക്കെതിരേ പോലിസുകാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എസ് മുരളീധര്‍, ഐ എസ് മെഹ്ത എന്നിവരാണ് വിധി ശരിവച്ചത്. 1997ലെ ഡി കെ ബസു -പശ്ചിമ ബംഗാള്‍ കേസില്‍ കസ്റ്റഡി പീഡനങ്ങള്‍ തടയുന്നതിന് സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിചാരണാ കോടതി വിധി ശരിവെച്ചത്. ഡി കെ ബസു കേസില്‍ സുപ്രിംകോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും കസ്റ്റഡി പീഡനങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സുപ്രിംകോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും കസ്റ്റഡി പീഡനങ്ങള്‍, പ്രത്യേകിച്ച് കസ്റ്റഡി മരണ കേസുകളുടെ എണ്ണം കുറയുന്നില്ലെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കഴിഞ്ഞ അഞ്ചു റിപോര്‍ട്ടുകളിലും പോലിസ് കസ്റ്റഡി മരണങ്ങളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ നിയമ കമ്മീഷന്‍ (എല്‍സിഐ) ശുപാര്‍ശ ചെയ്ത നിയമപരമായ മാറ്റങ്ങല്‍ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.  പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോടതി പോലിസുകാരുടെ അപ്പീലുകള്‍ പരിശോധിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി, അപ്പീലുകള്‍ തള്ളുകയായിരുന്നു. യൂനിഫോം ധരിച്ച പോലിസുകാര്‍ ക്രമസമാധാനം പാലിക്കുന്നവരാകണം അല്ലാതെ ക്രമസമാധാന നിയമം അവരുടെ കൈകളില്‍ എടുക്കുകയല്ല വേണ്ടത്. പൗരന്‍മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി. പോലിസിലെ സ്‌പെഷ്യല്‍ സ്റ്റാഫ് എന്നു പറയുന്നത് പോലിസ് സേനയിലെ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രത്യേക പരിശീലനം ലഭിച്ച മികച്ച കഴിവുള്ള ആളുകളാണ്. ഇത്തരം ടീമുകള്‍ ഒരു റെയ്ഡ് നടത്താനായി ഒരുമിക്കുമ്പോള്‍  തങ്ങളെ അയക്കുന്ന ഉദ്ദേശ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും  കോടതി വ്യക്തമാക്കി. സിദ്ദീഖ് കാപ്പന്‍

RELATED STORIES

Share it
Top