പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ജാമ്യം; പോലിസ് കൈക്കൂലി വാങ്ങി

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് മര്‍ദനമേറ്റ് മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ ജാമ്യത്തിലിറക്കാന്‍ ശ്രമിച്ച വീട്ടുകാരില്‍ നിന്ന് പോലിസ് കൈക്കൂലി വാങ്ങിയെന്ന് പരാതി. സംഭവം പുറത്തായതോടെ പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പോലിസുകാരന്‍ പ്രദീപ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീജിത്തിന്റെ ഭാര്യാപിതാവ് പ്രദീപില്‍ നിന്നും ഇടനിലക്കാരന്‍ വഴിയാണ് കൈക്കൂലി വാങ്ങിയതത്രെ. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില തീരെ മോശമായതിനെ തുടര്‍ന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരന്‍ വഴി സിഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്.
ആശുപത്രിയിലെത്തിക്കുക എന്നതു മാത്രമായിരുന്നു അപ്പോള്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നതെന്നും 25,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 15,000 നല്‍കിയെന്നും പ്രദീപ് പറഞ്ഞു. ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു സംഭവം. ശ്രീജിത്തിന്റെ മരണശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തുക തിരികെ എത്തിച്ചുവെന്നും പ്രദീപ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണ സംഘം പ്രദീപിനെ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. തുടര്‍ന്ന് പോലിസുകാരന്‍ പ്രദീപ് കുമാറിനെയും ചോദ്യംചെയ്തു. ഇതില്‍നിന്നു ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം എറണാകുളം റൂറല്‍ എസ്പിക്ക് റിപോര്‍ട്ട് നല്‍കി.
അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടില്‍ പ്രദീപ് കുമാറിന്റെ ഭാഗത്തുനിന്നു വീഴ്ച കണ്ടെത്തിയതിനാല്‍ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. അതേസമയം, വരാപ്പുഴ വാസുദേവന്റെ വീടാക്രമണക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ വിപിന്‍, തുളസീദാസ്, അജിത് എന്നിവരുമായി ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പു നടത്തി. വിപിന്റെ വീട്ടില്‍ നിന്നു വടിവാളും മരിച്ച വാസുദേവന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് ഇരുമ്പുവടിയും കണ്ടെടുത്തു. ഇവരുടെ പോലിസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഇവരെ ആലുവ കോടതിയില്‍ ഹാജരാക്കും.
വാസുദേവന്റെ വീടാക്രമണവും തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതും ബന്ധപ്പെട്ടാണ് ശ്രീജിത് അടക്കം 10 പേരെ പോലിസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണ സംഘത്തിലുണ്ടായിരുന്ന വിപിന്‍, തുളസീദാസ്, അജിത് എന്നിവര്‍ ഒളിവില്‍ പോവുകയും ചെയ്തതിനാല്‍ ഇവരെ പിടിക്കാന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല.
സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് പിന്നീട് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചു. തുടര്‍ന്ന് ശ്രീജിത്തിന്റെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും കേസില്‍ ആദ്യം അറസ്റ്റിലായ ശ്രീജിത്ത് അടക്കം 10 പേര്‍ക്ക് വാസുദേവന്‍ ആത്മഹത്യചെയ്തതില്‍ ബന്ധമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെ കോടതി ശേഷിക്കുന്ന ഒമ്പതു പ്രതികളെ ജാമ്യത്തില്‍ വിട്ടു. ഇതിനു പിന്നാലെയാണ്  വിപിന്‍, തുളസീദാസ്, അജിത് എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

RELATED STORIES

Share it
Top