പോലിസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു: കാന്തഹാറില്‍ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കാബൂള്‍: പോലിസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാന്തഹാര്‍ പ്രവിശ്യയില്‍ ഇന്നു നടക്കാനിരുന്ന തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിവച്ചു. വ്യാഴാഴ്ചയാണ് പോലിസ് കമാന്‍ഡര്‍ ജനറല്‍ അബ്ദുല്‍ റാസിഖ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ഇന്റലിജന്‍സ് മേധാവി അബ്ദുല്‍ മുഹ്മിനും കൊല്ലപ്പെട്ടിട്ടുണ്ട്.
യുഎസ് കമാന്‍ഡര്‍ ജനറല്‍ സ്‌കോട്ട് മില്ലര്‍ അപകടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കാന്തഹാര്‍ ഗവര്‍ണര്‍ സല്‍മേയ് വീസയ്ക്കു ഗുരുതമായി പരിക്കേറ്റു. മൂന്നു യുഎസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാന്തഹാറില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രതിനിധികള്‍ക്കു നേരെ വെടിയുതിര്‍ത്തത്്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. താലിബാനെതിരേ ശക്തമായ നിലപാടെടുക്കുന്നയാളായിരുന്നു റാസിക്.
പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യ—പ്രകാരമാണ് തിരഞ്ഞെടുപ്പ് നീട്ടിവച്ചതെന്ന് പ്രസിഡന്റ് അഷ്്‌റഫ് ഗനിയുടെ വക്താവ് ഹാറൂന്‍ ചകന്‍സുരി അറിയിച്ചു. എന്നാല്‍, തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
50,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ താലിബാന്‍ ആഹ്വാനം ചെയ്തിരുന്നു.

RELATED STORIES

Share it
Top