പോലിസ് കക്ഷി രാഷ്ട്രീയത്തിന് അതീതമാവണം: മന്ത്രി ശൈലജ

വടകര: നാടിനു വേണ്ടി ത്യാഗം സഹിച്ച പോലിസിന് കക്ഷി രാഷ്ട്രീയം കാണിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. രക്തസാക്ഷികളെ ആദരിക്കലാണ് ഇപ്പോഴത്തെ വിവാദം. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേതാക്കളാണോ ഇവര്‍. സമൂഹത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരെ ഓര്‍മിക്കുന്നതും, പ്രതിജ്ഞ ചൊല്ലുന്നതും തെറ്റാണെന്ന് തോന്നുന്നില്ല. തുല്യനീതി ഉറപ്പാക്കലാണ് ജുഡീഷ്യറിയുടെ കടമ. എന്നാലിന്ന് ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമായി കൊണ്ടിരിക്കുകയാണെന്നും ചില വിധികള്‍ ഒന്ന് കൂടി പരിശോധിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളാ പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു—കയായിരുന്നു മന്ത്രി. പോലിസിന് രാഷ്ട്രീയം പാടില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ടത് പോലിസുകാരുടെ ഉത്തരവാദിത്തമാണ്. നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. പോലിസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവിന്റെ ഭാഗമാണ്. പ്രശ്‌നങ്ങള്‍ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് പരിശോധിക്കാന്‍ സംഘടനയ്ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഓരോ മേഖലയിലും ഉത്തരവാദിത്തം മറന്നു കൊണ്ടാണ് ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെ പറയിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്തരം കള്ള നാണയങ്ങള്‍ പോലിസിലും ഉണ്ടെന്നും, കൂട്ടായ പ്രവര്‍ത്തനം നടത്തി പോലിസിന്റെ അന്തസ്സ് നിലനിര്‍ത്തി നല്ലതെല്ലാം സ്വീകരിച്ച് മോശമായത് തള്ളണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top