പോലിസ് ഔട്ട് പോസ്റ്റിലെ സീലിങ് അടര്‍ന്നു വീണു

വടകര: പഴയ ബസ്സ്റ്റാന്‍ഡിലെ പൊലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നു വീണു.  ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസുകാരന്‍ ഉള്ളില്‍ ഇരിക്കുമ്പോഴാണ് സീലിങ് തകര്‍ന്നതെങ്കിലും ദേഹത്ത് വീഴാത്തതിനാല്‍ അപകടം ഒഴിവായി. വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടത്തിലാണ് ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
കാലങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ട്. ഈയ്യിടെ നഗരസഭ കെട്ടിടത്തിന്റെ പുറംവശം പെയിന്റടിച്ച് സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും ഉള്ളില്‍ ഒന്നും ചെയ്തിട്ടില്ല. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ ഭാഗത്ത് തുരുമ്പിച്ച കമ്പികള്‍ പുറത്താണ്. മറ്റുള്ള ഭാഗങ്ങളും ഏതുസമയവും അടര്‍ന്നുവീഴാവുന്ന നിലയിലാണുള്ളത്.
മുമ്പും പല തവണയായി ഇതിനുള്ളിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണിരുന്നു. സംഭവത്തിനു ശേഷം പോലീസുകാര്‍ക്കും, ഹോം ഗാര്‍ഡുകള്‍ക്കും ഉള്ളില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഴയ സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ മൊത്തം പൊളിച്ച് കോട്ടപ്പറമ്പ് നവീകരണപദ്ധതി നഗരസഭ നടപ്പാക്കുന്നതിനാല്‍ ഈ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താനുള്ള സാധ്യതയില്ല. പഴയ സ്റ്റാന്‍ഡിലെ മറ്റുകെട്ടിടങ്ങളും തകര്‍ച്ചയിലാണ്.

RELATED STORIES

Share it
Top