പോലിസ് ഒത്താശയോടെ ആയുധ പരിശീലന ക്യാംപ് : എസ്ഡിപിഐയുടെ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് സംഘര്‍ഷഭരിതംപെരുമ്പാവൂര്‍: വളയന്‍ചിറങ്ങര സ്‌കൂളില്‍ സംഘപരിവാരത്തിന്റെ ആയുധ പരിശീലന ക്യാംപ് നടത്താന്‍ പോലിസ് ഒത്താശ ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് വച്ച് മാര്‍ച്ച് പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പോലിസിനെ തള്ളിമാറ്റിയ പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചെങ്കിലും പോലിസ് പ്രതിരോധിച്ചു. എസ്ഡിപിഐ പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 10.30 ഓടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുനിന്നും സംഘപരിവാരത്തിനും അവര്‍ക്ക് ഒത്താശ ചെയ്ത സര്‍ക്കാര്‍, ഉന്നത പോലിസ് അധികൃതര്‍ക്കുമെതിരേ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ഡിവൈഎസ്പി ഓഫിസിന് മുന്നിലെത്തിയത്. പ്രവര്‍ത്തകരെ തടയാനായി രണ്ടു ഡിവൈഎസ്പിമാരുടെ കീഴിലായി മൂന്നു സിഐമാരുടെ സര്‍ക്കിളില്‍പെട്ട അഞ്ച് എസ്‌ഐമാരും 75ഓളം പോലിസും അണിനിരന്നിരുന്നു.  പ്രവര്‍ത്തകര്‍ കയര്‍ കൊണ്ട് ബന്ധിച്ച ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അവ പൊക്കി അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. മാര്‍ച്ച് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയമവും നീതിയും ഇപ്പോള്‍ സംസ്ഥാനത്തില്ലെന്നും കേന്ദ്രം ഭരിക്കുന്നവരുടെ ഏറാന്‍മൂളികളായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമെന്ന വ്യവസ്ഥ സിപിഎം ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുല്‍ഫിക്കര്‍ അലി, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് വി കെ ഷൗക്കത്തലി, സെക്രട്ടറി എന്‍ എ അനസ്, കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് എം എം അബ്ദുല്‍ സത്താര്‍, സെക്രട്ടറി ഷെരീഫ് അത്താണിക്കല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top