പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: വാര്‍ത്താക്കുറിപ്പുകളും അറിയിപ്പുകളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫലപ്രദമായി എത്തിക്കുന്നതിന് സംസ്ഥാന പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന് പുതിയ ഫേസ്ബുക്ക് പേജ് ഒരുങ്ങി. പോലിസ് ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ മാധ്യമമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
7,39,000 പേര്‍ ലൈക്ക് ചെയ്തിട്ടുള്ള കേരള പോലിസിന്റെ സോഷ്യല്‍മീഡിയ പേജ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പോലിസ് പേജാണ്. സംസ്ഥാന പോലിസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 2,30,000 ലൈക്കുകളാണുള്ളത്.
ജില്ലകള്‍ക്കും ട്രാഫിക് ഉള്‍പ്പെടെ സ്‌പെഷ്യല്‍ യൂനിറ്റുകള്‍ക്കും ഫേസ്ബുക്ക് പേജ് നിലവിലുണ്ട്. നവമാധ്യമ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പോലിസ് ആസ്ഥാനം ഭരണവിഭാഗം ഐജി പി വിജയന്‍, ഡിഐജി കെ സേതുരാമന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top