പോലിസ് ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തികളായി

കൊച്ചി: വടയമ്പാടി സമരത്തില്‍ പോലിസ് പ്രവര്‍ത്തിച്ചത് ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തികളായി. രാവിലെ മുതല്‍ തന്നെ ദലിത് പ്രവര്‍ത്തകര്‍ ചൂണ്ടിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍, ജാതിമതില്‍ ഉയര്‍ന്ന ഭജനമഠം കോളനിയിലേക്ക് പോകാന്‍ ആരെയും പോലിസ് അനുവദിച്ചില്ല. അങ്ങോട്ടുള്ള വാഹനഗതാഗതവും നിരോധിച്ചു. പത്തരയോടെ സംഗമത്തിനെത്തിയ പ്രവര്‍ത്തകര്‍ കൊടികളും ബാനറുകളും കൈയിലെടുത്ത് മാര്‍ച്ചിനു തയ്യാറെടുത്തതോടെ ജങ്ഷനില്‍ പലയിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഹിന്ദുത്വര്‍ സംഘം ചേര്‍ന്ന് ദലിത് പ്രവര്‍ത്തകരുടെ സമീപമെത്തി പ്രകോപനപരമായി മുദ്രാവാക്യംവിളി തുടങ്ങി. ദലിതരെയാകെ അപമാനിക്കുന്ന വളരെ മോശം മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. മാവോയിസ്റ്റുകള്‍, എസ്ഡിപിഐ, പിഡിപി സംഘടനകളെ പേരെടുത്തുപറഞ്ഞായിരുന്നു ചീത്തവിളി. ഈ സമയം ഹിന്ദുത്വരെ വിലക്കാനോ അസഭ്യ മുദ്രാവാക്യങ്ങളെ നിയന്ത്രിക്കാനോ പോലിസ് തയ്യാറായില്ല.പിന്നീട് ദലിത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. അതോടെ നിമിഷനേരം കൊണ്ട് പോലിസ് അതിക്രമത്തിനു മുതിരുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലിസ് വാഹനത്തില്‍ ബലം പ്രയോഗിച്ച് കയറ്റി പുത്തന്‍കുരിശ്, മുളന്തുരുത്തി, രാമമംഗലം, മൂവാറ്റുപുഴ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. പുരുഷ പോലിസുകാരാണ് മിക്ക സ്ത്രീകളെയും വാഹനത്തില്‍ കയറ്റിയത്. തന്റെ ഒപ്പമുണ്ടായിരുന്ന മകനെ കാണാതായതിനാല്‍ വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച കവിതയെന്ന പ്രവര്‍ത്തകയെ വനിതാ പോലിസ് കൈയേറ്റം ചെയ്തു. ഇവരുടെ വസ്ത്രങ്ങള്‍ പോലിസ് ബലപ്രയോഗത്താല്‍ കീറി. ആര്‍എസ്എസുകാര്‍ ചൂണ്ടിക്കാട്ടിയവരെയൊക്കെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ഇതിനിടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായ ജംഷീന, നിമിഷ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിലും ഭരണകൂട-പോലിസ് വിരുദ്ധ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. കരുതല്‍ തടങ്കലിലെടുത്തവരെ പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരെല്ലാം സ്റ്റേഷനു സമീപം ഒത്തുകൂടി കവിതകളും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി സംഗമിച്ചു. ഇടതു സര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണനത്തിനെതിരേ പ്രതിഷേധത്തിന്റെ അലമാലകളുയര്‍ത്തിയാണ് വൈകീട്ടോടെ സമരപരിപാടികള്‍ അവസാനിപ്പിച്ചത്. എ വാസു, കെ എം സലിംകുമാര്‍, കെ കെ കൊച്ച്, കെ അംബുജാക്ഷന്‍, അഡ്വ. സജി കെ ചേരമന്‍, പി എം വിനോദ്, പി ജെ മാനുവല്‍, ജി ഗോമതി, ഡോ. പി ജി ഹരി, മൃദുലാദേവി, ഡോ. ധന്യ മാധവ്, കെ കെ ബാബുരാജ്, ജെന്നി, സതി അങ്കമാലി തുടങ്ങിയവര്‍ പ്രക്ഷോഭകരെ അഭിസംബോധന ചെയ്തു. പോലിസിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും ഇടതു മുന്നണിയെ ഭരണത്തിലെത്തിച്ചത് ആരാണെന്ന് മറക്കരുതെന്നും വടയമ്പാടി സമരത്തെ അഭിസംബോധന ചെയ്ത ദലിത് നേതാക്കള്‍ ഓര്‍മപ്പെടുത്തി. അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയപ്പോഴും ഭരണകൂടം ആര്‍എസ്എസിന് കീഴടങ്ങുകയായിരുന്നു. ദലിത് പീഡനത്തില്‍ മോദിയുടെ അരുമശിഷ്യനായാണ് പിണറായി നിലകൊള്ളുന്നത്. ഈ അറസ്റ്റ് കൊണ്ടൊന്നും വടയമ്പാടി സമരത്തെ പൊളിക്കാമെന്നു കരുതേണ്ടെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ എം പി അയ്യപ്പന്‍കുട്ടി പറഞ്ഞു. അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചുകിട്ടുന്നതുവരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top