പോലിസുകാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊട്ടാരക്കര (കൊല്ലം): കാറപകടത്തില്‍പ്പെട്ട യാത്രികരെ രക്ഷപ്പെടുത്താനെത്തിയ പോലിസ് സംഘത്തിലേക്ക് ലോറി പാഞ്ഞുകയറി പോലിസ് ഡ്രൈവര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന എസ്‌ഐക്കും എഎസ്‌ഐക്കും ഗുരുതരമായി പരിക്കേറ്റു. പുത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കെത്തിയ കൊല്ലം എആര്‍ ക്യാംപിലെ ഡ്രൈവര്‍ കൊട്ടാരക്കര വയ്ക്കല്‍ പുതിയിടം കാര്‍ത്തികയില്‍ മോഹനചന്ദ്ര കുറുപ്പിന്റെ മകന്‍ വിപിന്‍ കുമാര്‍ (34) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പുത്തൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വേണുഗോപാല്‍ ദാസ് (54), എഴുകോണ്‍ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അശോകന്‍ (51) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംസി റോഡില്‍ കൊട്ടാരക്കര കുളക്കട ലക്ഷംവീട് ജങ്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം.
ഏനാത്ത് വാഹനപരിശോധന നടത്തിവന്നിരുന്ന ഹൈവേ പട്രോളിങ് വിഭാഗത്തിനു പുത്തൂര്‍ മുക്കി ല്‍ കാറപകടം സംഭവിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുളക്കടയില്‍ എത്തിയത്. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച  കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി ആശുപത്രിയിലേക്ക് അ യക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അടൂര്‍ ഭാഗത്തു നിന്നു വന്ന നാഷനല്‍ പെര്‍മിറ്റ് ലോറി പോലിസ് സംഘത്തെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പോലിസുകാരെ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ വിപിന്‍ മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റു രണ്ടു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.
കൊല്ലം എആര്‍ ക്യാംപില്‍ നിന്നു പുത്തൂരില്‍ ഡ്യൂട്ടിക്കെത്തിയതായിരുന്നു മരിച്ച വിപിന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കൊല്ലം എആര്‍ ക്യാംപിലും കൊട്ടാരക്കര ഡിവൈഎസ്പി ഓഫിസിലും പൊതുദര്‍ശനത്തിനു വച്ചു. ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സംഭവമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തും ആശുപത്രിയിലും എത്തിച്ചേര്‍ന്നു. പോലിസ് ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക.
പാലക്കാട്ടു നിന്നു തണ്ണിമത്തന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തിനു കാരണമായത്. ലോറി ഡ്രൈവര്‍ പാലക്കാട് മലമ്പുഴ മാനക്കല്ല് വലിയകാട് പടിഞ്ഞാറ്റതില്‍ സുരേഷിനെ പുത്തൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അഞ്ജുവാണ് മരിച്ച വിപിന്റെ ഭാര്യ. മകന്‍: കാര്‍ത്തിക് .

RELATED STORIES

Share it
Top