പോലിസുകാരിയുടെ മരണം : ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ല; വിദഗ്ധ അന്വേഷണം നടത്തണം- ബന്ധുക്കള്‍അമ്പലവയല്‍: അമ്പലവയല്‍ പോലിസ് സ്‌റ്റേഷനിലെ വനിത സിവില്‍ പോലിസ് ഓഫിസറായിരുന്ന കെപി സജിനിയുടെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഭര്‍ത്താവ് രാജേന്ദ്രന്‍ ആരോപിച്ചു.  ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതത്തിനിടയില്‍ പെട്ടെന്നുള്ള ആത്മഹത്യ സംശയം ജനിപ്പിക്കുന്നതായും രാജേന്ദ്രന്‍ പറഞ്ഞു. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സജിനിയുടെ കാലുകള്‍ നിലത്തുമുട്ടിയിരുന്നതായും, തലയില്‍ അപ്പോഴും തൊപ്പി ഉണ്ടായിരുന്നതായും, മുറി കുറ്റിയിടാത്ത അവസ്ഥയിലായിരുന്നൂവെന്നും ഇതെല്ലാം സംശയത്തിന് ആക്കം കൂട്ടുന്നതായും രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മേപ്പാടി നെടുങ്കരണയിലെ തന്റെ വീട്ടില്‍വെച്ചാണ് രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. തനിക്ക് സംസാരിക്കാനുണ്ടെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ധേഹത്തിന്റെ വീട്ടിലെത്തിയത്. നൈറ്റ് ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നും പോയ സജിനി സ്‌റ്റേഷനിലെത്തിയ ശേഷം എന്നെത്തേയും പോലെ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. കുട്ടികളുടെ കാര്യവും മറ്റും സംസാരിച്ച സജിനി തികച്ചും സാധാരണഗതിയിലാണ് പെരുമാറിയതെന്നും അദ്ധേഹം പറഞ്ഞു. പിന്നീട് ഇന്നലെ രാവില മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ സന്തോഷത്തോടെയും, സമാധാനത്തോടെയും ജിവിച്ചുവന്നിരുന്ന കുടുംബമാണ് തങ്ങളുടേതെന്നും ജോലിയെക്കുറിച്ചും, മേല്‍ ഉദ്യോഗസ്ഥരെ കുറിച്ചും ഇതുവരെ മോശമായി ഒന്നും തന്നെ സജിനി പറഞ്ഞിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top