പോലിസുകാരന്റെ വീട്ടില്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

മഞ്ചേരി: സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ മഞ്ചേരി പയ്യനാട് കുട്ടിപ്പാറ സ്വദേശി അരവിന്ദാക്ഷന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം കോതമംഗലം തേലക്കാട്ടു വീട്ടില്‍ ഷാജഹാന്‍ (38) ആണ് പിടിയിലായത്. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. റിട്ട. എസ്‌ഐ അരവിന്ദാക്ഷനും കുടുംബവും ബന്ധുവീട്ടിലേക്കു പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത് മകളുടെ വിവാഹാവശ്യത്തിനായി കരുതിയിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങളും പണവുമാണ് അപഹരിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം ഏറ്റെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേഷ്, എഎസ്‌ഐ ശ്രീരാമാന്‍, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top