പോലിസിലെ രാഷ്ട്രീയ അതിപ്രസരം: ആവര്‍ത്തിച്ചാല്‍ നടപടി

തിരുവനന്തപുരം: പോലിസ് അസോസിയേഷനിലെ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി വിശദീകരണം തേടി. ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. രക്തസാക്ഷി മണ്ഡപവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും വിശദീകരണം നല്‍കണം. കൂടാതെ, ചട്ടലംഘനം ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പോലിസിലെ മൂന്നു സംഘടനകള്‍ക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പരാതിയില്‍ റേഞ്ച് ഐജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ നിലവിലെ ഉത്തരവുകളും സര്‍ക്കുലറും ചൂണ്ടിക്കാട്ടിയാണ് ഡിജിപി നോട്ടീസ് നല്‍കിയത്.
പല സ്ഥലങ്ങളിലും അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്നാണ് എസ്പിമാരുടെ റിപോര്‍ട്ട്. റേഞ്ച് ഐജിമാര്‍ അന്തിമ റിപോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് സൂചന. എന്നാല്‍, അച്ചടക്ക നടപടിയുള്ളതായി അറിവില്ലെന്നും പോലിസ് അസോസിയേഷന്‍ സമ്മേളനത്തിലായതിനാല്‍ നോട്ടീസിനെക്കുറിച്ച് അറിയില്ലെന്നും ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പ്രതികരിച്ചു. പോലിസ് സംഘടനയില്‍ രാഷ്ട്രീയ അതിപ്രസരമെന്നറിയിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം സമ്മേളനത്തിന് സമാനമായ രീതിയില്‍ മുദ്രാവാക്യംവിളിയും വസ്ത്രധാരണവും രക്തസാക്ഷി അനുസ്മരണവും സേനയ്ക്കു യോജിച്ചതല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനു ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. റേഞ്ച് ഐജിമാര്‍ക്കായിരുന്നു അന്വേഷണച്ചുമതല.

RELATED STORIES

Share it
Top