പോലിസിലെ ദാസ്യപ്പണി: സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും ഇറങ്ങിപ്പോക്കും

തിരുവനന്തപുരം: പോലിസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധവും ഇറങ്ങിപ്പോക്കും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്.
കെ മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്ത് പൗരന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ട പോലിസില്‍ ഇപ്പോള്‍ അടിമത്തം നിലനില്‍ക്കുകയാണെന്നും കേരളം ലജ്ജയോടെ കാണുന്ന ഇത്തരം സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, തെറ്റു ചെയ്ത ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനാണെങ്കിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടിയെ കുളിപ്പിക്കലല്ല പോലിസിന്റെ പണി. സംസ്ഥാനത്ത് 199 പേര്‍ക്കാണ് സുരക്ഷയൊരുക്കുന്നത്.
ഇതിനായി 335 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ അടിമപ്പണിക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. 199 പേരില്‍ 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കാലത്ത് ഒരു പോലിസുകാരന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ടെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അതിനുശേഷമേ നടപടിയെടുക്കാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
2011ലെ പോലിസ് ആക്റ്റിന് വിരുദ്ധമായി ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവര്‍മാരെ ഉപയോഗിച്ച് ദാസ്യപ്പണി ചെയ്‌തെന്ന് വ്യക്തമായിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടേകാല്‍ വര്‍ഷമായി മുഖ്യമന്ത്രി നിരന്തരം നിയമസഭയില്‍ പറയുന്നത് 'ശക്തമായ നടപടി സ്വീകരിക്കും' എന്നാണ്. ഒരു വിഷയത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടികളായി വരെ നിയമിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top