പോലിസിലെ ചുവപ്പന്‍ വിപ്ലവകാരികള്‍

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍
ഇപ്പോള്‍ കേരള പോലിസാണു താരം. പോലിസ് സ്‌റ്റേഷനുകളും ജയിലുകളും ഇടിമുറികളായി മാറി. ജനകീയ സമരങ്ങളെയാകെ അടിച്ചമര്‍ത്തുന്നതിനൊപ്പം കസ്റ്റഡിമരണവും പീഡനവുമൊക്കെയായി സകലമാന പേരുദോഷങ്ങളിലും പോലിസിന്റെ കൈയൊപ്പുണ്ട്. സേനയിലെ രാഷ്ട്രീയാതിപ്രസരമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കാക്കിധരിച്ച് നിയമം പാലിക്കേണ്ടവര്‍ ചുവപ്പുഷര്‍ട്ടും ധരിച്ച് പാര്‍ട്ടി സമ്മേളനത്തിനു സമാനമായി മുദ്രാവാക്യവും വിളിച്ചു നടക്കുന്നു. പോലിസിനെയാകെ ചുവപ്പണിയിക്കണമെന്ന വാശിയിലാണ് ഇക്കൂട്ടര്‍. ഈ ലക്ഷ്യം കൈവരിക്കാനാവും പോലിസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ സംഘടനയുടെ നിയമാവലി വരെ ലംഘിച്ച് ലോഗോയും രക്തസാക്ഷി സ്തൂപവുമൊക്കെ ചുവപ്പിക്കുകയും ചെയ്തു.
പോലിസ് അസോസിയേഷനിലെ രാഷ്ട്രീയം പുതുമയുള്ള കാര്യമല്ല. ഭരണം മാറുന്നതിനൊപ്പം അസോസിയേഷന്‍ ലീഡര്‍ഷിപ്പിലും നിലപാടിലുമൊക്കെ മാറ്റവും പ്രകടമാവാറുണ്ട്. ഭരണമുന്നണിയുടെ താല്‍പര്യങ്ങള്‍ കൈയാളുന്നവര്‍ സേനയുടെ തലപ്പത്തും സുപ്രധാന കേസുകളുടെ അന്വേഷണതലപ്പത്തും അവരോധിക്കപ്പെടും. ഈ ഘട്ടത്തില്‍ ഓരോ ഉദ്യോഗസ്ഥനും സ്വന്തം നിലനില്‍പ്പിനുവേണ്ടി ഭരണമുന്നണിയുടെ സമ്മര്‍ദത്തിനു വഴങ്ങി  പ്രവര്‍ത്തിക്കേണ്ടിവരുമെന്നതും വസ്തുതയാണ്. ഫസല്‍ വധക്കേസിലും ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലുമൊക്കെ പുറത്തുവരുന്ന വസ്തുതകള്‍ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ഇതില്‍നിന്നു വിഭിന്നമായി കൃത്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന ഉദ്യോഗസ്ഥരും വിരളമല്ല. ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിലേക്കു നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടെന്നാണ് മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ടച്ചുമതലയുള്ള ആളായിരുന്നു രാധാകൃഷ്ണന്‍. അന്വേഷണത്തിന്റെ പേരില്‍ പോലിസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. ഒന്നരവര്‍ഷത്തോളം പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ഇതിനിടെ കള്ളക്കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തെന്നും രാധാകൃഷ്ണന്‍ പറയുന്നു. പോലിസ്-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തത് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നു വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും പ്രസക്തമാണ്. കേസിലെ യഥാര്‍ഥ പ്രതികളെ ഒഴിവാക്കി നിരപരാധിയായ ശ്രീജിത്തിനെ വേട്ടയാടിയതിനു പിന്നിലെ ദുരൂഹതകള്‍ ഓരോന്നായി പുറത്തുവരുകയാണ്. ഇവിടെയും പോലിസ്-രാഷ്ട്രീയ കൂട്ടുകെട്ട് തന്നെയാണു വില്ലന്‍. തെളിവുകള്‍ നിരവധി ഉയര്‍ന്നുവന്നിട്ടുപോലും മൗനം തുടര്‍ന്ന സര്‍ക്കാര്‍, ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ആരോപണവിധേയനായ റൂറല്‍ എസ്പി എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിനു തീരുമാനിച്ചത്. ടിപിയുടെയും ശുഹൈബിന്റെയും വധത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന ആവശ്യത്തെ സിപിഎമ്മും ഇടതുസര്‍ക്കാരും എതിര്‍ക്കുന്നതും ഉന്നതനേതാക്കള്‍ പിടിക്കപ്പെടുമെന്ന ഭീതികൊണ്ടു മാത്രമാണ്. അതിനും ഇക്കൂട്ടര്‍ പോലിസിനെ ആയുധമാക്കുന്നു.
പോലിസിലെ അച്ചടക്ക, നിയമലംഘനങ്ങള്‍ ഭരണമുന്നണിക്ക് അനുകൂലമാണെങ്കില്‍ അവയൊക്കെ അംഗീകരിക്കുന്ന നടപടി ഗുരുതരമായ ഭവിഷ്യത്ത് വിളിച്ചുവരുത്തുമെന്നതില്‍ തെല്ലും സംശയമില്ല. ചുവന്ന ഷര്‍ട്ടിട്ട പോലിസുകാരെ കണ്ട് സന്തോഷിക്കുന്നവരും രക്തസാക്ഷിമണ്ഡപം സ്ഥാപിച്ച് ഇന്‍ക്വിലാബ് വിളിക്കുന്നത് കൈയടിച്ച് ആസ്വദിക്കുന്നവരും വരാനിരിക്കുന്ന ഗുരുതരമായ വിപത്തുകള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. സംഘപരിവാര മനോഭാവമുള്ളവരും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരുമായ ഒരുപറ്റം ഉദ്യോഗസ്ഥര്‍ സേനയുടെ തലപ്പത്ത് ഉണ്ടെന്നതും അപകടകരമായ സന്ദേശമാണു നല്‍കുന്നത്. സംഘപരിവാരത്തെ പ്രശംസിച്ച് സ്ഥാനമൊഴിഞ്ഞ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പരസ്യപ്രതികരണങ്ങളും ഇതിനു ബലമേകിയിരുന്നു. കാലങ്ങളായി പോലിസില്‍ സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെങ്കിലും ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന പ്രഥമ പഠനശിബിരത്തിലാണ് പ്രവര്‍ത്തനശൈലി ഉടച്ചുവാര്‍ക്കാന്‍ ഇക്കൂട്ടര്‍ തീരുമാനിച്ചത്. മറ്റു പാര്‍ട്ടികളുടെ അനുഭാവികള്‍ സേനയില്‍ ശക്തിപ്പെട്ടതോടെയാണ് പരിവാരവും പരസ്യപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതത്രേ.
ഈവിധം പച്ചയായ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്ന സേനയില്‍ നിന്നു സാധാരണക്കാരന് എന്തുതരം നീതിയാണു ലഭിക്കുക? സിപിഎം പോലിസെന്നും സിപിഎമ്മുകാരല്ലാത്ത പോലിസെന്നുമുള്ള വേര്‍തിരിവ് പോലിസിലുണ്ടെന്നാണു പ്രതിപക്ഷം കാലങ്ങളായി ആരോപിക്കുന്നത്. ആ വാദത്തിനു ബലമേകുന്ന നീക്കുപോക്കുകളാണ് പോലിസ് സേനയില്‍ നിന്നു പുറത്തുവരുന്നതും. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കു പ്രധാന കാരണം പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചതാണത്രേ. മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന പരിഭവവും പ്രതിപക്ഷത്തിനുണ്ട്. പിണറായി വിജയന്‍ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയായി ചുരുങ്ങി. എല്ലാ കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ഭരണഘടനയ്ക്ക് അതീതമായ ശക്തിയായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തെ എല്ലാ പാര്‍ട്ടി വേദികളിലും കാണാം. പോലിസിനെ ഈ പരുവത്തിലാക്കിയതില്‍ മുഖ്യ പങ്ക് ജയരാജനാണെന്നും പ്രതിപക്ഷം പരിതപിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില മുമ്പെങ്ങുമില്ലാത്തവിധം തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് പോലിസിലെ രാഷ്ട്രീയാതിപ്രസരത്തിന്റെ ഭവിഷ്യത്തുകള്‍ ഉയര്‍ത്തിക്കാട്ടി ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാര്‍ ഡിജിപിക്ക് റിപോര്‍ട്ട് നല്‍കുന്നത്. കസ്റ്റഡിമരണവും രാഷ്ട്രീയ കൊലപാതകങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ പോലിസ് പ്രതിക്കൂട്ടില്‍ നില്‍ക്കെ ഐബിയുടെ ഈ റിപോര്‍ട്ടിന് പ്രസക്തിയേറെയാണ്. പോലിസുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പോലിസ് സംഘടനകള്‍ രാഷ്ട്രീയം വളര്‍ത്താനുള്ള വേദിയാക്കുന്നതിനെ ഏതുതരത്തിലാണ് ന്യായീകരിക്കാനാവുക. ജോലിയുടെ ഭാഗമായി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്ന പോലിസുകാരെ അനുസ്മരിക്കാനും അഭിവാദ്യമര്‍പ്പിക്കാനും സേനയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. പോലിസ് ആസ്ഥാനത്ത് സ്മൃതിമണ്ഡപത്തില്‍ എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങും സംഘടിപ്പിക്കാറുമുണ്ട്. ഇതിനപ്പുറം രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ ചുവപ്പു വേഷവും ധരിച്ച് മുദ്രാവാക്യവും വിളിച്ച് ചടങ്ങുകള്‍ നടത്തുന്നതിനെ ചട്ടവിരുദ്ധമെന്നല്ല, തോന്ന്യാസമെന്നു വേണം പറയാന്‍.
പോലിസിലെ രാഷ്ട്രീയാതിപ്രസരം വര്‍ധിച്ചതോടെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരണ നല്‍കുന്ന നേതാക്കള്‍ സൈ്വരവിഹാരം നടത്തുകയാണ്്. യഥാര്‍ഥ പ്രതികള്‍ക്കു പകരം ബദല്‍ പ്രതികളെ അണിനിരത്തുന്ന നിലവിലെ രീതി പൂര്‍ണമായും മാറണം. പോലിസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അവരില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനാവാതെ വരും. ഈ അവസ്ഥ മാറ്റാനായില്ലെങ്കില്‍ അരാജകമായ സ്ഥിതിവിശേഷത്തിലേക്കാവും കേരളം ചെന്നെത്തുക. നിശ്ചയദാര്‍ഢ്യത്തോടെ നിയമവാഴ്ച ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റലാണ് ഇവിടെ പ്രസക്തം. പോലിസിന്റെ പണി പോലിസ് കൃത്യമായി ചെയ്യണം. അതിനു സര്‍ക്കാര്‍ അവരെ അനുവദിക്കുകയും വേണം.                                      ി

RELATED STORIES

Share it
Top