പോലിസിലെ അടിമ സംസ്‌കാരം അവസാനിപ്പിക്കുക: എസ്ഡിപിഐ

കോഴിക്കോട്: കേരള പോലിസില്‍ നിലനില്‍ക്കുന്ന അടിമ സംസ്‌കാരം അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു.
ക്യാംപ് ഫോളോവേഴ്‌സ് എന്ന പേരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിമപ്പണിയെടുക്കാന്‍ വേണ്ടി പോലിസിനെ നിയോഗിക്കുന്നത് സര്‍ക്കാരിന്റെ അറിവോടെയാണ് എന്നത് വ്യക്തമാണ്. എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ അക്രമത്തിനിരയായ പോലിസുകാരനോടൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്.
കുറ്റം ചെയ്ത ഉന്നതന്റെ മകളെ ഇതുവരെയും അറസ്റ്റ് ചെയ്യാതിരിക്കുന്നതിലെ സര്‍ക്കാര്‍ താല്‍പ്പര്യം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. നാട്ടില്‍ നീതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പോലിസ് ഉദ്യോഗസ്ഥരെ വീട്ടുജോലിക്ക് നിയമിച്ചിട്ട് പോലിസ് വകുപ്പില്‍ ആവശ്യത്തിന് അംഗബലമില്ലാ എന്നു പറയുന്നത് വിരോധാഭാസമാണ്. സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി അധികാര ദുര്‍വിനിയോഗം നടത്തുകയും സേനയുടെ അഭിമാനവും അന്തസ്സും തകര്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും റോയ് അറക്കല്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top