പോലിസിലെ അടിമപ്പണി; ക്യാംപ് ഫോളോവര്‍മാരുടെ കണക്ക് നല്‍കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: പോലിസുകാരെക്കൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിക്കുന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുക്കാന്‍ നിര്‍ദേശം. ആംഡ് പോലിസ് ബറ്റാലിയന്റെ മേധാവിയായ എഡിജിപി ആനന്ദകൃഷ്ണനാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍. മന്ത്രിമാര്‍ക്കൊപ്പമുള്ള പോലിസുകാരുടെ പട്ടികയും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലാ പോലിസ് മേധാവികളും ഇന്നലെ തന്നെ വിവരം കൈമാറണമെന്നായിരുന്നു നിര്‍ദേശം. കേരള പോലിസിനുള്ളില്‍ കുറഞ്ഞത് 500 പേര്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയാലും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരെ തിരികെ യൂനിറ്റുകളിലേക്ക് മടക്കാതെ വീടുകളില്‍ നിര്‍ത്തും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍ പോലും അവരുടെ ഫഌറ്റ് നോക്കാനും തോട്ടം നനയ്ക്കാനും സുഖവാസത്തിനു വരുന്ന ബന്ധുക്കളെ നോക്കാനും ലെയ്‌സണ്‍ ഓഫിസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കും.  അതേസമയം, കണക്കെടുപ്പ് ആരംഭിച്ചതോടെ പോലിസ് ഓഫിസര്‍മാര്‍ ക്യാംപ് ഫോളോവര്‍മാരെ മടക്കിത്തുടങ്ങി. ആകെയുള്ള 40 പേരില്‍ 10 പേരെ ക്യാംപുകളിലേക്ക് മടക്കി അയച്ചു. ഡ്യൂട്ടി ക്രമം അറിയിക്കാനുള്ള കണക്കെടുപ്പ് നടന്നാല്‍ പ്രശ്‌നത്തില്‍പ്പെടുമെന്ന് കരുതിയാണ് ക്യാംപ് ഫോളോവര്‍മാരെ മടക്കി അയക്കുന്നത്. അടിമപ്പണിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതികള്‍ വന്ന സാഹചര്യത്തില്‍ 2006ലും പിന്നീട് 2015ലും ഇറങ്ങിയ ഉത്തരവുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാംപ് ഫോളോവര്‍മാരെ അടിമപ്പണി ചെയ്യിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ പിന്‍വലിക്കണമെന്നാണ് 2006ല്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ ഉത്തരവിട്ടത്. തുടര്‍ന്ന് 2015ല്‍ ഡിജിപിയായിരുന്ന ടി പി സെന്‍കുമാര്‍ കര്‍ശന നടപടികള്‍ നിര്‍ദേശിച്ച് ഉത്തരവിറക്കി. ക്യാംപ് ഫോളോവര്‍മാരെ അടിമപ്പണി ചെയ്യിച്ചാല്‍ അതിന് കൂട്ടുനില്‍ക്കുന്ന ക്യാംപ് കമാന്‍ഡന്റിനും പോലിസ് ഉദ്യോഗസ്ഥനുമെതിരേ വകുപ്പുതല നടപടിയുണ്ടാവുമെന്ന് സെന്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു. മാത്രമല്ല,അടിമപ്പണിയ്ക്ക് നിയോഗിക്കപ്പെട്ട പോലിസുകാരന്റെ ശമ്പളം അതിനു കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും തന്നെ നടപ്പായില്ല.

RELATED STORIES

Share it
Top