പോലിസിന് തലവേദനയായി ചൂണ്ടല്‍ മേഖലയിലെ അജ്ഞാതമൃതദേഹങ്ങള്‍

കുന്നംകുളം: ചൂണ്ടല്‍ മേഖലയില്‍ അജ്ഞാത മൃതദേഹങ്ങള്‍ അടിക്കടി കണ്ടെത്തുന്നത് പോലിസിന് തലവേദനയാവുന്നു. വിജനവും കാട് പിടിച്ച് കിടക്കുന്നതുമായ മേഖലയായ ചുണ്ടലില്‍ ഇന്നലെ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞ പറമ്പിലെ മോട്ടോര്‍ ഷെഡിനുള്ളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തേങ്ങ ശേഖരിക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്.
മഴക്കെടുതിയില്‍ ഈ മേഖലയിലാകെ വെള്ളം കയറിയിരുന്നു. വെള്ളം കയറുന്നതിന് മുന്‍പെ മൃതദേഹം ഇവിടെ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച വസ്ത്രാവശിഷ്ടങ്ങള്‍ ചെളി പിടിച്ച നിലയിലാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചൂണ്ടല്‍ പാടത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ആടിനെ മേയ്ക്കാനെത്തിയ സ്ത്രീകളാണ് കാക്കകള്‍ കൊത്തിവലിച്ചിരുന്ന മൃതദ്ദേഹം കണ്ടത്. പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന് പോലും നാളിതുവരെയായും പോലിസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ആദ്യഘട്ടത്തില്‍ കാര്യക്ഷമമായ അന്വേഷണം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെങ്കിലും പിന്നീട് മന്ദഗതിയിലാകുകയായിരുന്നു. ഫോറന്‍സിക് പരിശോധനകളും ഫലം കാണാതായതോടെ പോലിസ് അന്വേഷണം ഏറെകുറെ അവസാനിപ്പിച്ചിരിക്കെയാണ് ചൂണ്ടലില്‍ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഒന്നര മാസത്തിലേറെ പഴക്കമുണ്ടെന്ന നിഗമനമാണ് പുറത്ത് വരുന്നത്.
ലിംഗ നിര്‍ണയം ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകളും പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടും ലഭ്യമായാല്‍ മാത്രമെ സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാന്‍ കഴിയൂ. മൃതദേഹം ആരുടേതാണെന്നും കണ്ടെത്തേണ്ടതുണ്ട്. വലിയ വെല്ലുവിളിയാണ് പോലിസിന് മുന്നിലുള്ളത്. കുറ്റാന്വേഷണത്തില്‍ പോലിസിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടാതെ നോക്കേണ്ട ബാധ്യതയും പോലിസ് നേരിടുന്നുണ്ട്.

RELATED STORIES

Share it
Top