പോലിസിന് കാവി നിറമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ പോലിസ് നിരപരാധികളെ വേട്ടയാടുകയാണെന്ന ആരോപണം ശക്തമാവുന്നു. യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭ മണ്ഡലം സെക്രട്ടറി നേതാവ് മന്‍സൂറിനെ പോലിസ് ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പോലിസിന് ഇപ്പോള്‍ കാവി നിറമാണെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മന്‍സൂറിനെ മര്‍ദിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സിഐ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ പ്രീണിപ്പിക്കുന്ന നിലപാടും സംഘപരിവാറിനോട് മൃദുസമീപനവുമാണ് ഇപ്പോള്‍ പോലിസിനുള്ളത്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ പോലിസിനെ കരുവാക്കാനാണ് നീക്കമെങ്കില്‍ കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല.
അകാരണമായി മന്‍സൂറിനെ തല്ലിച്ചതച്ച കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കഴിഞ്ഞദിവസമാണ് ഹര്‍ത്താല്‍ അനുകൂലിയാണെന്ന കുറ്റം ചുമത്തി മന്‍സൂറിനെ സൗത്ത് പോലിസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചത്. നെഞ്ചത്തും മറ്റും ചവിട്ടേറ്റ മന്‍സൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.
നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് എസ്‌ഐയും രണ്ടു പോലിസുകാരും ചേര്‍ന്ന് മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചത്. സൗത്ത് സിഐ മനോജിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസിന്റെ വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് അറിയിച്ചിട്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഡിസിസി ഓഫിസില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സൗത്ത് പൊലിസ് സ്റ്റേഷന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത അധ്യക്ഷനായിരുന്നു. കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, ഹരിദാസ് മച്ചിങ്ങല്‍, നാസര്‍ ഹുസൈന്‍, കെ രാജേഷ്, വി പ്രശോഭ്, അനീഷ്, റാഫി ജൈനിമേട്, ആഷിഖ്, ബൈജു, നൗഫല്‍ സംസാരിച്ചു.

RELATED STORIES

Share it
Top