പോലിസിന്റെ മെല്ലെപ്പോക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്നു

പത്തനംതിട്ട: അയിരൂര്‍ പ്ലാങ്കമണ്ണില്‍ ആര്‍എസ്എസ് സംഘം മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെ തലയ്ക്കടിച്ചുവീഴ്ത്തിയ സംഭവത്തില്‍ പോലിസിന്റെ മെല്ലെപോക്ക് പ്രതികളെ സഹായിക്കാനെന്ന് അക്രമത്തിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അയിരൂര്‍ പ്ലാങ്കമണ്‍ വടക്കേണ്ടിയില്‍ ലിതന്‍ മാത്യു (33)വിനെയാണ് പ്രകോപനവും കൂടാതെ ആര്‍എസ്എസ് സംഘം തലയ്ക്ക് അടിച്ചുവീഴുത്തുകയും പണവും സ്വര്‍ണ്ണവും കവരുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന 22,350 രൂപയും കഴുത്തിലെ അഞ്ചര പവന്റെ മാലയും കൊള്ളയടിച്ചു. ലിതന്റെ അച്ഛന്‍ മാത്യു ഏബ്രഹാം (69), മകള്‍ ജോന (മൂന്ന്) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പനച്ചിക്കല്‍ പുത്തേടത്ത് ശ്രീരാജിന്റെ (മനു) റിമാന്‍ഡിലാണ്. മഠത്തില്‍ ഉണ്ണി,പുത്തരേത്ത് ശ്രീരാജ് (28), ചക്കാലയില്‍ രാജീവ് (39), രാജേഷ് (34) എന്നിവര്‍ ഒളിവിലാണ്. ലിതന് തലച്ചോറിന് ക്ഷതമുണ്ട്. ഇടതുകണ്ണിന്റെ കാഴ്ചയും തകരാറിലായതിനാല്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പിരിവുമായി ബന്ധപ്പെട്ട ചില തര്‍ക്കം നിലനിന്നിരുന്നതായി ലിതന്റെ പിതാവ് പറഞ്ഞു. 50 രൂപയാണ് ലിതന്‍ പിരിവു നല്‍കിയത്. തുക കുറഞ്ഞുപോയി എന്നു പറഞ്ഞ് ഉണ്ണി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതാകാം വൈരാഗ്യത്തിന് കാരണമെന്ന് എബ്രഹാം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അയിരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബുരാജ്, അംഗം ബെന്‍സണ്‍ തോമസ്, ലിതന്‍ മാത്യുവിന്റെ പിതാവ് മാത്യു എബ്രഹാം, അനീഷ് എം നായര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top