പോലിസിന്റെ പുണ്യം പൂങ്കാവനം പദ്ധതി ശ്രദ്ധേയമാവുന്നു

എരുമേലി: ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് പോലിസ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലിയില്‍ ദിവസവും നടക്കുന്ന ശുചീകരണം ശ്രദ്ധേയമാവുന്നു. വിദേശ വിനോദ യാത്രാസംഘത്തിനും ഇതു വിസ്മയം പകര്‍ന്നു. ദിവസവും പോലിസുകാര്‍ക്കൊപ്പം നാട്ടിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും വൃത്തിയാക്കലില്‍ പങ്കെടുക്കുന്നുണ്ട്. തുടക്കത്തില്‍ സ്‌കൂളുകളിലെ സ്റ്റുഡന്‍്‌സ് പോലിസും എന്‍സിസി, കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളും പോലിസിനൊപ്പം നേതൃത്വം നല്‍കി. തുടര്‍ന്നും പഠനസമയം കഴിഞ്ഞ് ഇവര്‍ പങ്കെടുക്കാനെത്തുന്നു. ഇത് പ്രചോദനമായാണ് റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ ബഹുജന പങ്കാളിത്തം പ്രകടമായത്. ദിശ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസവും ഇന്നലെ നായര്‍ സര്‍വീസ് സൊസൈറ്റി എരുമേലി ശാഖയും വനിതാ യൂനിറ്റും  പങ്കെടുത്തു. അടുത്ത ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കുന്നുണ്ട്.ഭക്തര്‍ സ്‌നാനം നടത്തുന്ന കുളിക്കടവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസവും വാരിമാറ്റി വൃത്തിയാക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പേട്ടതുള്ളലിനായി ശരീരത്തണിയുന്ന സിന്ദൂരപ്പൊടികള്‍ തോട്ടിലെ കുളിക്കിടെ ഏറെ സമയത്തെ ശ്രമത്തിന് ശേഷമാണ് ഭക്തര്‍ക്ക് കഴുകിമാറ്റാനാകുന്നത്. ഇതിനായി പ്ലാസ്റ്റിക് കവറുകളിലടങ്ങിയ ഷാമ്പു, എണ്ണ, സോപ്പ് തുടങ്ങിയവയാണ് ഉപയോഗിക്കുക. പായ്ക്കറ്റ് പൊട്ടിച്ച് ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കവറുകള്‍ തോട്ടില്‍ ഉപേക്ഷിക്കുന്ന പ്രവണത മുമ്പ് വര്‍ധിച്ചിരുന്നു. ഇതു കുറയ്ക്കാന്‍ ഇത്തവണ പോലിസിന്റെ ശുചീകരണവും ബോധവല്‍ക്കരണവും സഹായകമായി. മെഗാഫോണ്‍ മൈക്കിലൂടെ ഏഴു പ്രതിജ്ഞ ഉള്‍പ്പെട്ട സപ്തകര്‍മം തീര്‍ത്ഥാടകരെ കൊണ്ട് വായിപ്പിക്കുന്നതിലൂടെയും  വിവിധ ഭാഷകളില്‍ ലഘുലേഖകളും ശുഭയാത്രാ വാഹന പര്യടനവുമായാണ് ബോധവല്‍ക്കരണം. പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസര്‍ എസ് പി ജേക്കബ് ജോബ്, ജില്ലാ പോലിസ് ചീഫ് മുഹമ്മദ് റെഫീഖ്, അസി. ഓഫിസറും ക്യാംപ് അസി. കമാന്‍ഡന്റുമായ ജി അശോക് കുമാര്‍, ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, സിഐ ടി ഡി സുനില്‍ കുമാര്‍, എസ്‌ഐ മനോജ് മാത്യു എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ പോലിസ് സംഘമാണ് പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്നത്.

RELATED STORIES

Share it
Top