പോലിസിന്റെ നൈറ്റ് പട്രോളിങ് തുണയായി; വൃദ്ധ ദമ്പതികള്‍ക്ക് തിരിച്ചുകിട്ടിയത് ജീവിതം

നാദാപുരം: വീട്ടില്‍ തനിച്ച് കഴിയുന്ന വൃദ്ധ ദമ്പതികള്‍ക്ക് പോലിസിന്റെ നൈറ്റ് പട്രോളിംഗ് തുണയായി. ആയഞ്ചേരി പഞ്ചായത്ത് ഓഫിസ് പരിസരത്തെ കടമേരിയിലെ പൊയ്യില്‍ ശങ്കരനും ഭാര്യയുമാണ് പോലീസ് സംഘത്തിന്റെ സമയോചിത ഇടപെടല്‍ കാരണം വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിന്റെ മുകള്‍ നിലയില്‍ തീപിടിച്ചതറിയാതെ കിടന്നുറങ്ങുകയായിരുന്നു വൃദ്ധ ദമ്പതികള്‍. സമീപത്തെ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൂട്ടാതെ കിടക്കുന്നുവെന്ന്് നാദാപുരം കണ്‍ട്രോള്‍ റൂം പോലിസ് അറിയിച്ചതിനെ   തുടര്‍ന്ന് ആയഞ്ചേരിയിലെത്തിയതായിരുന്നു പോലിസ് സംഘം. ഓഫിസ് പൂട്ടാത്ത വിവരം അറിയിക്കുന്നതിനായി ജീവനക്കാരുടെ നമ്പര്‍ ശേഖരിച്ച് മടങ്ങുമ്പോഴാണ് സമീപത്തെ വീടിന്റെ മുകള്‍ ഭാഗത്ത് തീ പടരുന്നത് കണ്ടത്.വീടിന്റെ ഗേറ്റ്  പൂട്ടിയ നിലയിലായിരുന്നു.
മതില്‍ ചാടി കടന്ന് മുറ്റത്തെത്തിയ പോലീസുകാര്‍ ഉറങ്ങുകയായിരുന്ന വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികളായ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു. അപ്പോഴേക്കും വീടിന്റെ മുകള്‍ ഭാഗത്ത് സൂക്ഷിച്ച പത്ത് ചാക്കിലധികം അടയ്ക്കയും പ്ലാസ്റ്റിക് ജല സംഭരണിയും മറ്റും കത്തി ചാമ്പലായിരുന്നു. തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നെങ്കില്‍ വീടിന്റെ മറ്റു ഭാഗത്തേക്ക്് പടര്‍ന്ന് വന്‍ ദുരന്തത്തിനിടയാക്കുമായിരുന്നു.
വീടിന്റെ മുകള്‍ ഭാഗം ഓട് മേയുന്നതിനായി കഴിഞ്ഞ ദിവസം ഇരുമ്പ് പൈപ്പ് വെല്‍ഡിങ് നടത്തിയിരുന്നു ഇതില്‍ നിന്ന് തീപ്പൊരി പടര്‍ന്നാണ് തീ പിടുത്തം ഉണ്ടായതെന്ന്് കരുതുന്നു. നാദാപുരം സ്റ്റേഷനിലെ അസി. എസ്‌ഐ കെ എം രവി, ഡ്രൈവര്‍ സിപിഒ സനീഷ് തുടങ്ങിയവരാണ് പാട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top