പോലിസിന്റെ തീവ്രവാദ വിരുദ്ധ കാംപയിന്‍ വിവാദമാവുന്നു

വടകര: തീവ്രവാദ  സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്  തടയാനെന്ന പേരില്‍ മുസിലിം മേഖലകള്‍  മാത്രം കേന്ദ്രീകരിച്ച് കേരള പോലിസ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി വിവാദമാവുന്നു. ഒരു മതത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള  പോലിസ് നടപടിക്കെതിരേ പരിപാടികളില്‍ വിമര്‍ശനം ഉയര്‍ന്നു  തുടങ്ങി.നാദാപുരത്ത് കഴിഞ്ഞ ദിവസം കോഴിക്കോട് റൂറല്‍ പോലിസ് സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ പരിപാടിയില്‍    ഒട്ടേറെ ചോദ്യങ്ങളുയര്‍ന്നു.
ഒരു സമുദായത്തെ മാത്രം സംശയത്തിന്റെ നിഴലിലാക്കുന്നതാണ് പോലിസ് നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ പോലിസിന്റെ ഭാഗത്തു നിന്ന് കൃത്യമായ വിശദീകരണം ഉണ്ടായില്ല. നാദാപുരം മേഖലയിലെ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും മഹല്ല് ഇമാമുമാര്‍ക്കുമായി കോഴിക്കോട് റൂറല്‍ പോലിസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് പരിപാടി  സംഘടിപ്പിച്ചത്.
കേരളത്തില്‍ നിന്നു ഐഎസ്സിലേക്ക് വ്യാപകമായി റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നതാണത്രെ ഇത്തരത്തില്‍ ക്ലാസിനുള്ള പ്രചോദനം.   മുസ്‌ലിം സമുദായ നേതൃത്വത്തിന് മാത്രം തീവ്രവാദ വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചതിനെതിരേ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. സ്പഷ്യല്‍ ബ്രാഞ്ച് റൂറല്‍ എസ്പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈ എസ് പി കെ എസ് അധ്യക്ഷത വഹിച്ചു. പോലിസ് ഓഫിസര്‍മാരായ സുരേഷ് കുമാര്‍, അബ്ദുല്‍ കരീം ക്ലാസ്സെടുത്തു. ഒരു വിഭാഗത്തിന് മാത്രമായി ഇത്തരം ബോധവല്‍ക്കരണം സംഘടിപ്പിച്ചതിനെതിരേ സോഷ്യല്‍ മീഡിയയിലും പ്രതികരണങ്ങളുണ്ട്.

RELATED STORIES

Share it
Top