പോലിസിനെ ഉപയോഗിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ഇടപെടല്‍

അടൂര്‍: പോലിസിനെ ഉപയോഗിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം നേതാക്കള്‍ നീക്കം നടത്തുന്നതായി ആക്ഷേപം. ജില്ലാ കമ്മിറ്റിയുടെ ഒത്താശയോടെ അടൂര്‍ ഏരിയാ കമ്മിറ്റിയാണ് ഇതിനുള്ള കരുക്കള്‍ നീക്കുന്നതെന്നാണ് ആരോപണം. അടൂരില്‍ നടന്ന ആയുധവേട്ട എസ്ഡിപിഐയുടെ മേല്‍ കെട്ടിവെച്ചത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. ആയുധവേട്ടയില്‍ അറസ്റ്റിലായതില്‍ ഒരാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടും അതു മറച്ചുവച്ച് എസ്ഡിപിഐക്കെതിരേ വ്യാപക പ്രചാരണമാണ് പോലിസും ചില മാധ്യമങ്ങളും നടത്തിയത്. എസ്ഡിപിഐ ജില്ലാനേതൃത്വം വാര്‍ത്താസമ്മേളനം നടത്തി സത്യാവസ്ഥ തുറന്നുപറയുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് വ്യാജ പ്രചരണത്തില്‍ നിന്നും ഇക്കൂട്ടര്‍ പിന്മാറിയത്.എന്നാല്‍, ഈ കേസില്‍ എസ്ഡിപിഐ പറക്കോട് ബ്രാഞ്ച് കമ്മിറ്റി അംഗം റഫീഖിനെ പ്രതിചേര്‍ക്കാന്‍ അണിയറനീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ഏതുവിധേനയും റഫീഖിനെ ആയുധക്കേസില്‍ പ്രതി ചേര്‍ക്കണമെന്ന അന്ത്യശാസനം അടൂരിലെ സിപിഎം നേതാവ് പോലിസിന് നല്‍കിയിട്ടുണ്ടത്രേ. ഇതിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് റഫീഖിന്റെ കുടുംബം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ 510 വോട്ടുകളോടെ എസ്ഡിപിഐ പ്രതിനിധി തിരഞ്ഞെടുത്തതും പറക്കോട് ഏഴംകുളം ബ്ലോക്കില്‍ എസ്ഡിപിഐ 498 വോട്ടുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതും സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു.
അടൂരിന്റെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കുണ്ടായ വളര്‍ച്ചയും സിപിഎം പാര്‍ട്ടി യോഗങ്ങളില്‍ സ്ഥിരം ചര്‍ച്ചയാണ്. എസ്ഡിപിഐയുടെ വളര്‍ച്ച തടയാന്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. ഇതിനായി എസ്ഡിപിഐ  പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി പ്രതിച്ഛായ ഇല്ലാതാക്കുകയെന്ന തന്ത്രവും പോലിസിനെ ഉപയോഗിച്ച് സിപിഎം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പഴകുളത്ത് ഏകപക്ഷിയമായി അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. ഒടുവില്‍ സിപിഎം അക്രമത്തിനെതിരേ ജനങ്ങള്‍ സംഘടിച്ചതോടെ പോലിസ് സമാധാനയോഗം വിളിച്ചു. ഇതോടെയാണ് നേരത്തെ പഴകുളം മഹല്ല് കമ്മിറ്റി വിളിച്ച സമാധാനയോഗത്തില്‍ പങ്കെടുക്കാതിരുന്ന സിപിഎം, പിന്നീട് നടത്തിയ സമാധാനയോഗത്തില്‍ പങ്കെടുത്തത്. ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന യോഗത്തിലെ ധാരണകള്‍ക്ക് വിരുദ്ധമായി എസ്ഡിപിഐ ജനപ്രതിനിധി ഷാജിക്ക് നേരേ വധശ്രമം ഉണ്ടാവുകയും ചെയ്തു.
എന്നാല്‍ രണ്ടുമാസം നീണ്ടുനിന്ന അക്രമ സംഭവങ്ങളിലോ വധശ്രമക്കേസിലോ ഒരു സിപിഎം പ്രവര്‍ത്തകനെ പോലും ജയിലിലടയ്ക്കാന്‍ പോലിസിനായില്ല.  ദുരൂഹത നില്‍ക്കുന്ന തീവെയ്പ്പ് കേസ് ഉള്‍പ്പടെയുള്ള കള്ളക്കേസുകളില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരാണ് ജയില്‍വാസം നേരിട്ടത്. അടൂര്‍ കണ്ണംകോട് ബ്രാഞ്ച് രൂപീകരണയോഗം തടയാനും എനാത്ത് മണ്ണടിയില്‍ കൊടിമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനും സിപിഎം ശ്രമിച്ചതായും പരാതികള്‍ ഉയര്‍ന്നിരുന്നു. പുതുമലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ വ്യാജ ആരോപണങ്ങളും പടച്ചുണ്ടാക്കി. പോലിസിനെ സിപിഎം കരുവാക്കുന്നതായി സേനക്കുള്ളിലും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top