പോലിസിനെ ആക്രമിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍

മുണ്ടക്കയം: പെരുവന്താനം എസ്‌ഐയ്ക്കും പോലിസ് സംഘത്തിനെതിരെയും ആക്രമണം നടത്തിയ നാല്‍വര്‍ സംഘത്തിലെ മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. സംഘത്തില്‍ ഉള്‍പ്പെട്ട വെംബ്ലി വടക്കേമല തുണ്ടിയില്‍മുറി അനന്തു(20)വിനെ സംഭവസ്ഥലത്തു വച്ചു തന്നെ പിടികൂടിയിരുന്നു. വടക്കേമല മണികുട്ടന്‍ കൊലക്കേസ് പ്രതി ഓലിക്കല്‍പുരയിടത്തില്‍ സുബിന്‍ വാസു (25), ഓലിക്കല്‍പുരയിടത്തില്‍ ഹരി (25), ഓലിക്കല്‍ പുരയിടത്തില്‍ വിനീത് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഞായറാഴ്ച വെംബ്ലിക്കു സമീപം വടക്കേമലയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിനു നേരെ ആക്രമണം നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സംഭവ സ്ഥലത്ത് എത്തിയ പോലിസ് വാഹനത്തിനു നേരെ പാപ്പാനി വെള്ളച്ചാട്ടത്തിനു സമീപത്തു വച്ച് പ്രതികള്‍ കല്ലേറു നടത്തുകയായിരുന്നു. നാല്‍വര്‍ സംഘവുമായി സംഭവ സ്ഥലത്തു വച്ചു പോലിസ് മല്‍പ്പിടിത്തം നടത്തിയെങ്കിലും മൂന്നു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് ഇപ്പോള്‍ ഒളിവിലുള്ളവര്‍. പോലിസ് ജീപ്പിന്റെ വയര്‍ലെസ് ഏരിയല്‍, ഡോര്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

RELATED STORIES

Share it
Top