പോലിസിനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മഞ്ചേരി: പത്തു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടനെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പോലിസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
മഞ്ചേരി കരുവമ്പ്രം സ്വദേശികളായ ബിജെപി മണ്ഡലം സെക്രട്ടറി ജ്യോതി നിലയത്തില്‍ ജ്യോതിഷ് (34), കാളിയാര്‍തൊടി ഉദയന്‍ (30), കാളിയാര്‍തൊടി ശിവദാസന്‍ (47) എന്നിവരെയാണ് എസ്‌ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.  പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ നഗരസഭാ കൗണ്‍സിലറെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം.
കുട്ടനെ അക്രമിക്കാനായി എത്തിയതായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൂടിയായ പ്രതികളെന്ന് പോലിസ് പറഞ്ഞു.
പത്തോളം പേര്‍ നടത്തിയ അക്രമം തടഞ്ഞ പോലിസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  സംഭവത്തില്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ദിനേശ്, രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

RELATED STORIES

Share it
Top