പോലിസിനെതിരേ പ്രതികാര നടപടിയുമായി പ്രസിഡന്റ്

മാലി: മാലദ്വീപില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയത്തടവുകാരെ കുറ്റവിമുക്തരാക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നതിനിടെ പോലിസിനെതിരേ പ്രതികാര നടപടിയുമായി പ്രസിഡന്റ് യമീന്‍ അബ്ദുല്‍ ഗയൂം. മൂന്നു ദിവസത്തിനിടെ രണ്ടു തവണയാണ് അദ്ദേഹം പോലിസ്‌മേധാവിയെ മാറ്റിയത്.
വ്യാഴാഴ്ചയായിരുന്നു മാലദ്വീപ് സുപ്രിംകോടതിയുടെ ഉത്തരവ് പുറത്തുവന്നത്. പോലിസ് മേധാവിയായിരുന്ന അഹ്മദ് സൗദിയെ മാറ്റി അബ്ദുല്ല നവാസിനെ തല്‍സ്ഥാനത്തു നിയമിച്ചതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് അഹ്മദ് ആരിഫിനെ മാറ്റി സൗദിയെ പോലിസ് മേധാവിയായി നിയമിച്ചത്.
സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആരിഫിന്റെ സ്ഥാനചലനം. യമീനിക്ക് ഫോണില്‍ സംസാരിക്കാന്‍ ലഭിച്ചില്ലെന്നു കാണിച്ച് അറ്റോര്‍ണി ജനറലിനെയും പുറത്താക്കിയിരുന്നു. കോടതിവിധി പുറത്തുവന്നതോടെ ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലിറങ്ങി. തലസ്ഥാനമായ മാലിയില്‍ ജയിലിനു സമീപം ശനിയാഴ്ചയും പ്രതിപക്ഷം നടത്തിയ മാര്‍ച്ച് പോലിസ് ബലംപ്രയോഗിച്ചു പിരിച്ചുവിടുകയായിരുന്നു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്കു കടക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

RELATED STORIES

Share it
Top