പോലിസിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പൊല്ലാപ്പായി സോഷ്യല്‍ മീഡിയ

എ    ജയകുമാര്‍
ചെങ്ങന്നൂര്‍: ആസന്നമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ കളം നിറഞ്ഞ് പ്രവര്‍ത്തനനിരതരായതോടെ പോലിസിനും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരുപോലെ പൊല്ലാപ്പായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയുടെ അതിപ്രസരം.
മൂന്ന് പ്രമുഖ മുന്നണികളും തങ്ങളുടെ വാദമുഖങ്ങള്‍ ഉയര്‍ത്താനും എതിര്‍ പാര്‍ട്ടിയിലുള്ളവരെയും നേതാക്കളെയും അപഹസിക്കാനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത് ചെങ്ങന്നൂരില്‍ വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യകരമായ സോഷ്യല്‍ മീഡിയ പ്രചാരണം മറികടന്ന് വ്യാജ അക്കൗണ്ടുകളിലും പേരുകളിലും പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും വിവരങ്ങളും എതിര്‍സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ട്ടിയെയും അപഹസിക്കുന്നതായി പരാതികള്‍ വ്യാപകമാണ്. ഇതില്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുതല്‍ ഒരു മുന്നണി സ്ഥാനാര്‍ഥിവരെ കുടുങ്ങിയിരിക്കുന്ന ഗതികേടാണിപ്പോള്‍. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന്റെ പേരില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോരയെ കായംകുളത്തേക്ക് സ്ഥലംമാറ്റി. ഇടതു സ്ഥാനാര്‍ഥി സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പരാതി.
ഇടതുസ്ഥാനാര്‍ഥി സജി ചെറിയാനെ ഫേസ്ബുക്കിലൂടെ അപമാനിച്ചു എന്നതാണു മറ്റൊരു പരാതി. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ സജി ചെറിയാന്‍ ചെരിപ്പു ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കടന്നു എന്ന് പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ താന്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ചിട്ടില്ല എന്നു കാട്ടി ഇദ്ദേഹം പോലിസില്‍ പരാതികൊടുക്കുകയും ഈ സംഭവത്തില്‍ പോലിസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണ ടാഗ് ലൈന്‍ ആയിരുന്നു എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നത്. എന്നാല്‍ ഇക്കുറി ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനുവേണ്ടി വരും നല്ലകാലം വിജയകുമാറിലൂടെ എന്ന ടാഗ് ലൈനോടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ പോസ്റ്ററിനെയും സ്ഥാനാര്‍ഥി ഡി വിജയകുമാറിനെയും അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ 25ലധികം വര്‍ഷമായി ഡി വിജയകുമാര്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തിട്ടില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തനിക്ക് അപമാനമുണ്ടാക്കുന്നതാണെന്നും ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ തന്റെ രാഷ്ട്രീയ വിശ്വാസം ചോദ്യംചെയ്യുന്നതാണെന്നും ഡി വിജയകുമാര്‍ പറയുന്നു.
സ്ഥാനാര്‍ഥികളോടും പാര്‍ട്ടികളോടുമുള്ള തങ്ങളുടെ അകമഴിഞ്ഞ വിധേയത്വം കാണിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളും സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും വിനയായി മാറുന്നുമുണ്ട്. ഇതിനെല്ലാം പോലിസില്‍ പരാതി ഉണ്ടാവുകയും കേസെടുക്കേണ്ട സ്ഥിതിയിലുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സോഷ്യല്‍മീഡിയയുടെ അമിത ഇടപെടല്‍ പോലിസിലും രാഷ്ട്രീയത്തിലും പൊല്ലാപ്പായി.

RELATED STORIES

Share it
Top