പോലിസിനും അക്രമരാഷ്ട്രീയത്തിനും എതിരേ വിമര്‍ശനം

കെ സനൂപ്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപോര്‍ട്ടില്‍ സംസ്ഥാന പോലിസിനെതിരേയും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരേയും വിമര്‍ശനമെന്നു സൂചന. അമിതസ്വാതന്ത്ര്യം നല്‍കിയത് ചിലര്‍ ദുരുപയോഗപ്പെടുത്തുന്നതായും പോലിസിന്റെ ജനകീയമുഖം നഷ്ടമാവുന്നതായുള്ള സംശയവും റിപോര്‍ട്ട് പ്രകടിപ്പിക്കുന്നു. പാര്‍ട്ടി അധികാരകേന്ദ്രമാവരുതെന്ന് സൂചന നല്‍കുന്ന പ്രവര്‍ത്തന റിപോര്‍ട്ട് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ജാഗരൂകരാവണമെന്നും ആവശ്യപ്പെടുന്നു.
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്റെ നയസമീപനങ്ങള്‍ക്കനുസരിച്ചല്ല സംസ്ഥാന പോലിസ് പ്രവര്‍ത്തിക്കുന്നതെന്നാണു പ്രധാന വിമര്‍ശനം. ചില പോലിസ് ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവര്‍ത്തനരീതികള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുപോലും പരാതിയുണ്ടാക്കുന്നതായും സംസ്ഥാന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചിലര്‍ ആര്‍എസ്എസ് ഭക്തരെപ്പോലെ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് കളങ്കമുണ്ടാക്കി. പുതുവൈപ്പ്, വടയമ്പാടി എന്നിവിടങ്ങളിലെ പോലിസ് അതിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നതായിരുന്നു.  സിപിഎം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നു വെളിപ്പെട്ടത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ കൊലപാതകം നടത്തുന്നത് അത്യന്തം ഹീനമാണെന്നും അതു പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതുപോലെയായെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തരിശു കിടന്ന പാടങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയതും ക്ഷേമനിധി കുടിശ്ശികകള്‍ വിതരണം ചെയ്തതും ഇ-രജിസ്‌ട്രേഷന്‍ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണ അധ്യായങ്ങളാണ്. അതേസമയം, കായല്‍കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവമതിപ്പുണ്ടാക്കി.
സിപിഐക്കെതിരേയും രൂക്ഷവിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളതെന്നാണു സൂചന. നയപരമായ വിഷയങ്ങളില്‍ മികച്ച പാര്‍ട്ടി തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഎമ്മിനെ മനപ്പൂര്‍വം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സിപിഐ സംസ്ഥാന നേതാക്കളുള്‍പ്പെടെ പലപ്പോഴും സ്വീകരിക്കുന്നത്.
മലയോരമേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്തുന്നതു തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യും. ജനതാദള്‍ എസ് കേരള ഘടകത്തെയും വീരേന്ദ്രകുമാറിനെയും തിരിച്ചുകൊണ്ടുവന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി എല്‍ഡിഎഫിനെ നിര്‍ണായക ശക്തിയായി വാര്‍ത്തെടുക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്ന പാലക്കാട് ജില്ലയിലെ രണ്ടംഗങ്ങളുടെ പാര്‍ട്ടിവിരുദ്ധ  പ്രവര്‍ത്തനത്തെക്കുറിച്ച് റിപോര്‍ട്ട് വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടിനെക്കുറിച്ച് ഇന്നലെ വൈകീട്ട് ഗ്രൂപ്പ് ചര്‍ച്ച നടന്നു. റിപോര്‍ട്ട് ഇന്നു പൊതുചര്‍ച്ചയ്ക്കു വയ്ക്കും.

RELATED STORIES

Share it
Top