പോരായ്മ പരിഹരിച്ച സ്വാശ്രയ മെഡി. കോളജുകള്‍ക്കു പ്രവേശനാനുമതി; 700 സീറ്റുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചിരുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. നേരത്തേ രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. കേരളത്തില്‍നിന്നുള്ള ഒമ്പത് മെഡിക്കല്‍ കോളജുകളും ഈ പട്ടികയില്‍ പെട്ടിരുന്നു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളായ പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീ അയ്യപ്പ മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍, കെഎംസിടി കോഴിക്കോട്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് പാലക്കാട്, മൗണ്ട് സിയോണ്‍ പത്തനംതിട്ട, അല്‍ അസ്ഹര്‍ തൊടുപുഴ, ഡോക്ടര്‍ സോമര്‍വെല്‍ മെമ്മോറിയല്‍ തിരുവനന്തപുരം, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയ്ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിനുമാണ് അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍, ഈ  കോളജുകളില്‍ ആരോഗ്യ സര്‍വകലാശാല നടത്തിയ പരിശോധനകളില്‍ ഗുരുതര പോരായ്മകളൊന്നും കണ്ടെത്തിയിരുന്നില്ല. ചൂണ്ടിക്കാണിച്ച പോരായ്മകള്‍ മെഡിക്കല്‍ കോളജുകള്‍ പരിഹരിക്കുകയും ചെയ്തതായി ആരോഗ്യ സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ പറയുന്നു. ഈ വര്‍ഷത്തെ പ്രവേശനാനുമതിക്കായി മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതില്‍ അനുകൂല നിലപാടായിരിക്കും ആരോഗ്യ സര്‍വകലാശാലയും സ്വീകരിക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളജിന് എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭ്യമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതോടെ കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭ്യമായ സീറ്റുകളില്‍ ഇത്തവണയും പ്രവേശനം സാധ്യമാവും. അനുമതി ലഭ്യമാവുന്ന മുറയ്ക്ക് ഇവയെയും അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമാക്കുമെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണറേറ്റും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രവേശനം നടത്താത്ത ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷവും പ്രവേശനം വേണ്ടെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. അവിടെ 2019 മുതല്‍ പ്രവേശനം ആരംഭിക്കും.
നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 943 സീറ്റും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 1700 സീറ്റുമുണ്ട്. താല്‍ക്കാലികമായി പ്രവേശനം തടഞ്ഞ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി ലഭ്യമാവുന്നതോടെ 700 സീറ്റുകള്‍ കൂടി ലഭ്യമാവും.

RELATED STORIES

Share it
Top