പോരാട്ടം ഭരണഘടനയും വിശ്വാസവും തമ്മില്‍

അഡ്വ. എസ് എ കരീം

സപ്തംബര്‍ 28ന് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ഉത്തരവു പുറപ്പെടുവിച്ചു. തൊട്ടുമുമ്പുവരെ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ രോഹിന്‍ടണ്‍ നരിമാന്‍, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു. പുരുഷനിര്‍മിത സമൂഹത്തില്‍ സ്ത്രീക്ക് ഒപ്പിടാന്‍പോലും അവസരമില്ല. ഈ രാജ്യത്ത് ദൈവവിശ്വാസത്തില്‍പ്പോലും അസമത്വം നിലനില്‍ക്കുന്നു.
ഇതു ഭരണഘടനയുടെ എല്ലാവര്‍ക്കും തുല്യനീതി എന്ന 14ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ആചാരം ഏതായാലും സ്ത്രീത്വത്തിന്റെ മാന്യതയ്ക്ക് എതിരുനില്‍ക്കുന്ന ഏതൊരു തത്ത്വശാസ്ത്രവും ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടന 25ാം വകുപ്പിനും കേരള ഹിന്ദു ആരാധനാസ്വാതന്ത്ര്യത്തിനും എതിരാണെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ തുല്യാവകാശത്തിനു മുകളില്ല ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാസ്വാതന്ത്ര്യമെന്ന് ബെഞ്ചിലെ ഏക വനിതയായ ഇന്ദു മല്‍ഹോത്ര തന്റെ വിധിന്യായത്തില്‍ പറഞ്ഞു. ഈ വിധി പുറത്തുവന്നപ്പോള്‍ ആനന്ദത്തില്‍ ആറാടിയത് ജയമാല എന്ന സിനിമാനടിയായിരുന്നു. അവര്‍ ഇന്ന് രാഷ്ട്രീയപ്രവര്‍ത്തകയാണ്. യുവതിയായിരുന്നപ്പോള്‍ ജയമാല പതിനെട്ടാംപടി കയറി അയ്യപ്പനെ സന്ദര്‍ശിച്ചു. സന്ദര്‍ശനമെല്ലാം കഴിഞ്ഞ് ഈ വാര്‍ത്ത കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. ഭക്തജനങ്ങളെ അലോസരപ്പെടുത്തിയ സംഭവമായിരുന്നു അത്.
ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ പ്രായത്തിനിടയിലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാവുന്നത്. ആര്‍ത്തവം ശബരിമല ക്ഷേത്രത്തെ അശുദ്ധമാക്കുമെന്നാണ് വിശ്വസിക്കുന്നത്. 41 ദിവസത്തെ കടുത്ത വ്രതമെടുത്താണ് ശബരിമലയ്ക്കു പോവുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നത് ഓരോ മാസത്തിനിടയിലാണ്. അതുകൊണ്ടാണ് ശബരിമല തന്ത്രിമാരും അയ്യപ്പഭക്തന്‍മാരും 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചത്. ശബരിമല അയ്യപ്പസ്വാമി നിത്യബ്രഹ്്മചാരിയാണെന്നും കല്യാണം കഴിച്ചിട്ടില്ലെന്നും ഭക്തന്‍മാര്‍ വിശ്വസിക്കുന്നു. അതും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്നതിനു കാരണമാണ്.
വാദവും എതിര്‍വാദവും മുന്നേറുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളും നിഷേധിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ഇല്ലാതെ ജീവിക്കുക സാധ്യമല്ല. ജനസംഖ്യയുടെ പകുതിയിലധികം സ്ത്രീകളാണ്. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് ഒരേ ശക്തിയാണ്. പുരുഷനില്‍ നിന്നു വ്യത്യസ്തമായ ശരീരഘടനയാണ് സ്ത്രീക്കുള്ളത്. സ്ത്രീ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അവരെ പാലൂട്ടി വളര്‍ത്തുന്നു. അതിന് ആവശ്യമായ ശരീരഘടനയാണ് അവര്‍ക്കുള്ളത്. അതു സൃഷ്ടികര്‍ത്താവിന്റെ സംഭാവനയാണ്. സ്ത്രീക്ക് ആര്‍ത്തവം നല്‍കിയത് സൃഷ്ടികര്‍ത്താവാണ്. അതു ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയയാണ്. ആര്‍ത്തവം ഉറുമ്പിനുപോലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ആരോഗ്യശാസ്ത്രം അത്രകണ്ട് വളര്‍ന്നിരിക്കുന്നു. സ്രഷ്ടാവിന് ആര്‍ത്തവം അശുദ്ധമല്ലെങ്കില്‍ ഭക്തന്‍മാര്‍ക്ക് എങ്ങനെ അശുദ്ധമാവും? സ്ത്രീകളെ ശബരിമലയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് ആര്‍ത്തവം. ആര്‍ത്തവത്തിനും അപ്പുറത്ത് മറ്റെന്തൊക്കെയാണ് സ്ത്രീയെ മാറ്റിനിര്‍ത്താന്‍ ക്ഷേത്രഭാരവാഹികളെ പ്രേരിപ്പിച്ചത്? അതു തുറന്നുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്.
നമുക്ക് ഒരു ഭരണഘടനയുണ്ട്. ഭരണഘടനയില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. ഇന്ത്യക്കാരായ സ്ത്രീയും പുരുഷനും മാത്രമല്ല, എല്ലാവരും തുല്യരാണ്. അതുപോലെ തന്നെ മതത്തില്‍ വിശ്വസിക്കാനും അവസരം നല്‍കുന്നു. ഭരണഘടനയനുസരിച്ചാണ് ശബരിമലയില്‍ പുരുഷനും സ്ത്രീക്കും തുല്യാവകാശം നല്‍കിയത്. 18 വാദ്യവും ചെണ്ടയ്ക്കു താഴെ എന്നു പറയുന്നതുപോലെയാണിത്.
സുപ്രിംകോടതിയുടെ തീരുമാനം പുറത്തുവന്നശേഷം കേസില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അതിനു തയ്യാറാവുന്നുമില്ല. സുപ്രിംകോടതിയുടെ ഉത്തരവിനെ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറുമാസത്തിനകം ഉണ്ടാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിധിയെ എതിര്‍ക്കുന്നവരുടെ വോട്ട് തട്ടാന്‍ വേണ്ടിയാണ് റിവ്യൂ ഹരജി കൊടുക്കണമെന്നു പറയുന്നത്. ഏറ്റവും നീതിയുക്തവും നിഷ്പക്ഷവുമായ ഉത്തരവാണ് ശബരിമല പ്രശ്‌നത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ചത്. ി

RELATED STORIES

Share it
Top