പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനെതിരെ വനിതകളുടെ ഐക്യദാര്‍ഢ്യം ഏപ്രില്‍ 3ന് മലപ്പുറത്ത്മലപ്പുറം: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരോധിച്ചതിനെതിരെ നാഷണല്‍ വുമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് വൈകീട്ട് 3.30ന് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് ഐക്യദാര്‍ഢ്യ സമംഗമം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞങ്ങള്‍ പോപുലര്‍ഫ്രണ്ടിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിയരക്കുകയും ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സ്വതന്ത്രമായ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്. 2015 മുതല്‍ ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ടിനെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ല. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുവെന്ന് ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടുമില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും കോര്‍പറേറ്റുകളും കൈകോര്‍ത്ത് ജാര്‍ഖണ്ഡിനെ കൊള്ളയടിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ ചെറുത്തുനില്‍പ്പുകളില്‍ പോപുലര്‍ഫ്രണ്ട് പങ്കെടുത്തിരുന്നു. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്കിരയായവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും നിയമ സഹായവും പോപുലര്‍ഫ്രണ്ട് നല്‍കിയിരുന്നു. ഇതില്‍ അസ്വസ്ഥരായ ഫാഷിസ്റ്റ് ഭരണകൂടമാണ് സംഘടനക്കെതിരെ നിരോധനം ഏര്‍പ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ പോപുലര്‍ഫ്രണ്ടിനെ മാത്രമല്ല ഭരണകൂടത്തിന്റെ പക്ഷപാതത്തിനെതിരെ സംസാരിച്ച ഗ്രീ്ന്‍പീസ്, സബ് രംഗ്, ഐആര്‍എഫ്, ഇന്‍സാഫ് സംഘടനകളേയും നിരോധിച്ചിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്ത് ഫാഷിസ്റ്റ് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് നിരോധനമെന്നും അവര്‍ കുറ്റപ്പെടുത്തി. ഐക്യദാര്‍ഢ്യ സംഗമം എന്‍ഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ് എ.എസ് സൈനബ ഉദ്ഘാടനം ചെയ്യും. രജിത, അഡ്വ. കെ ആശ, കെ കെ റൈഹാനത്ത്, ജാസ്മിന്‍ പങ്കെടുത്ത് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി എം ഹബീബ, സംസ്ഥാന സമിതി അംഗം പി കെ റംല, മലപ്പുറം ജില്ലാ പ്രസിഡന്റ് എം കെ സൗദ ഉസ്മാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top