പോപ്പിനെ ഉ. കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍

സോള്‍: പോപ് ഫ്രാന്‍സിസിനെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനായി ഭരണാധികാരി കിം ജോങ് ഉന്‍ ക്ഷണിച്ചതായി ദക്ഷിണ കൊറിയയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ച യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നാണ് പോപ്പിനെ ക്ഷണിച്ചുകൊണ്ടുള്ള ഉത്തര കൊറിയയുടെ സന്ദേശം എത്തിക്കുക.
ഇതുവരെ വത്തിക്കാന്‍ പ്രതിനിധികള്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിട്ടില്ല. അന്തരിച്ച പോപ് ജോണ്‍ പോള്‍ രണ്ടാമനെ ഉത്തര കൊറിയ സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നതായി റിപോര്‍ട്ടുണ്ട്. ഉത്തര കൊറിയയും വത്തിക്കാനുമായി യാതൊരു നയതന്ത്രബന്ധവും നിലവിലില്ല. മൂണ്‍ ജെ ഇന്നും പോപ്പുമായുള്ള കൂടിക്കാഴ്ചയില്‍ കിമ്മിന്റെ ക്ഷണം കൈമാറുമെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ നടന്ന കിം-ട്രംപ്, കിം-മൂണ്‍ ഉച്ചകോടികള്‍ക്കു ശേഷം ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. 2000ല്‍ കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ ആണ് പോപ് ജോണ്‍ പോള്‍ രണ്ടാമനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ചത്. എന്നാല്‍, ഉത്തര കൊറിയയിലേക്ക് അദ്ദേഹം പോവുകയാണെങ്കില്‍ അത് അദ്ഭുതം ആയിരിക്കുമെന്നാണ് പോപ് പ്രതികരിച്ചത്.
അതേസമയം, കത്തോലിക്കാ പുരോഹിതനെ ഉത്തര കൊറിയ അംഗീകരിച്ചാല്‍ മാത്രമെ പോപ്പിന്റെ ഉത്തര കൊറിയ സന്ദര്‍ശനം സാധ്യമാവൂ എന്നാണ് വത്തിക്കാനില്‍ നിന്നുള്ള വിവരം.

RELATED STORIES

Share it
Top