പോപുലര്‍ ഫ്രണ്ട് നിരോധനം: ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം- എസ്ഡിപിഐ

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭീരുത്വവുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ആരോപിച്ചു.  സംസ്ഥാനത്ത് ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന പൗരാവകാശ, മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു ഭാഗംതന്നെയാണ് ഈ നിരോധനമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍  വ്യക്തമാക്കി.
പശുസംരക്ഷണത്തിന്റെ പേരില്‍ നിഷ്ഠുരമായ കൊലകള്‍ക്കും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കുപ്രസിദ്ധമാണ് ജാര്‍ഖണ്ഡ്. വര്‍ഗീയവും ജാതീയവുമായ വിദ്വേഷവും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പോലിസും ഏതു വിലകുറഞ്ഞ വഴിയും സ്വീകരിച്ചു ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമം നടത്തുകയാണ്. പോപുലര്‍ ഫ്രണ്ട് ചില ആള്‍ക്കൂട്ടക്കൊലക്കേസുകളും വര്‍ഗീയക്കൊലക്കേസുകളും ഏറ്റെടുത്ത് കുറ്റവാളികള്‍ക്കെതിരേ സംസ്ഥാനത്ത് നിയമപോരാട്ടം നടത്തുന്നതുകാരണം സര്‍ക്കാരിന് സംഘടനയോട് പകയുണ്ടെന്നത് വസ്തുതയാണ്. ഒരു സംഭവത്തില്‍ ഒരു പോലിസ് ഓഫിസര്‍ തന്നെ നിയമനടപടികള്‍ നേരിടേണ്ടിവന്നു. സത്യം വിളിച്ചുപറയുന്നവരെ നിശ്ശബ്ദമാക്കാനുള്ള പിന്‍വാതില്‍ കുതന്ത്രമാണ് ഈ നിരോധനം.
ജനങ്ങളെ ഭയപ്പെടുത്തുകയും എല്ലാവിധ പ്രതിഷേധങ്ങളും ഭിന്നാഭിപ്രായങ്ങളും അടിച്ചമര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ നിരോധനം ഉടനെ പിന്‍വലിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top