പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണം: ജനകീയ കണ്‍വന്‍ഷന്

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട്, എംഎംഎസ് തുടങ്ങിയ സംഘടനകളുടെ മേല്‍ ചുമത്തിയ നിരോധനം പിന്‍വലിക്കണമെന്നും ജയിലില്‍ കഴിയുന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും ജനാധിപത്യ സംരക്ഷണ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള അഖിലേന്ത്യാ സഖ്യം (എജെപി) വിളിച്ചുകൂട്ടിയ കണ്‍വന്‍ഷനില്‍ ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരുമായ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
എജെപി സെക്രട്ടറി ജനറല്‍ ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ അധ്യക്ഷത വഹിച്ചു. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തെ പൗരന്‍മാരുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും അതിനെതിരേ ജനങ്ങള്‍ ഭയമില്ലാതെ ശബ്ദമുയര്‍ത്തണമെന്നും ജ: പാട്ടീല്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 4000ലധികം പേര്‍ ജയിലിലുണ്ട്. ഖനന-വന മാഫിയയുടെ കൈയേറ്റങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയ ആദിവാസികളാണ് അതില്‍ ഭൂരിപക്ഷവും. ഈ നില തുടരാന്‍ അനുവദിക്കരുതെന്നും പാട്ടീല്‍ പറഞ്ഞു.
ഡോ. തസ്്‌ലീം റഹ്മാനി (ഡല്‍ഹി), അന്‍സാര്‍ ഇന്‍ഡോറി (എന്‍സിഎച്ച്ആര്‍ഒ), അനില്‍ അന്‍ഷുമന്‍ (സിപിഐ-എംഎല്‍), പ്രഫ. ജാവീദ് അഹ്്മദ് (റാഞ്ചി സര്‍വകലാശാല), രാകേഷ് വികകല്‍വി (സിപിഎം), പ്രേംചന്ദ് മര്‍ച്യര്‍ (ആദിവാസി സമാജ്), അഡ്വ. എ കെ റാശിദി (റാഞ്ചി), ബാബിതൂരി, പ്രഭാകര്‍ നാഗ് (ജാര്‍ഖണ്ഡ് ആദിവാസി വികാസ്), മുഹമ്മദ് ശാഫി (ജന:സെക്രട്ടറി എജെപി) പങ്കെടുത്തു.
കണ്‍വന്‍ഷന്‍ പാസാക്കിയ പ്രമേയത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇതിനകം പോപുലര്‍ ഫ്രണ്ട് അടക്കം 16 സംഘടനകളെ നിരോധിച്ചുവെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നതാണ് നിരോധനത്തിന്റെ കാരണമെന്നും വ്യക്തമാക്കുന്നു. ഇതേ സംസ്ഥാനത്തു തന്നെയാണ് പശുവിന്റെ പേരില്‍ ഏറ്റവുമധികം ആള്‍ക്കൂട്ട കൊലകള്‍ നടന്നത്. ധാതുവിഭവങ്ങളാല്‍ അതിസമ്പന്നമായ സംസ്ഥാനം ദാരിദ്ര്യത്തിലും നിരക്ഷരതയിലും മു ന്‍നിരയിലാണെന്നും ജനക്ഷേമത്തേക്കാള്‍ ബിജെപി സര്‍ക്കാര്‍ ഖനന-വനം മാഫിയയോടൊപ്പമാണെന്നതിന്റെ തെളിവാണിതെന്നും പ്രമേയം ആരോപിച്ചു.

RELATED STORIES

Share it
Top