പോപുലര്‍ ഫ്രണ്ട് നിരോധനം അന്യായം: മുസ്‌ലിം നേതാക്കള്‍

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടി ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കളും വ്യക്തിത്വങ്ങളും. വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ രാജ്യവ്യാപകമായി വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന നവ സാമൂഹിക സംഘടനയായ പോപുലര്‍ഫ്രണ്ടിനെ നിരോധിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായി നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തെ ഭരണഘടനയുടെയും നിയമങ്ങളുടെയും അകത്തുനിന്ന് ഇരകളെ സഹായിക്കുന്ന സംഘടന രാജ്യത്തെ ദുരന്തബാധിത മേഖലകളില്‍ സജീവമായിരുന്നു. ജാര്‍ഖണ്ഡിലെ പുനരധിവാസപ്രവര്‍ത്തനങ്ങളിലും ജനക്കൂട്ട ആക്രമണങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം എത്തിക്കുന്നതിലും സംഘടന മുന്നോട്ടു വന്നിരുന്നു. സംഘടനയെ ഐഎസുമായി ബന്ധിപ്പിക്കാനും ലൗജിഹാദ് കുരുക്കില്‍ ഉള്‍പ്പെടുത്താനുമുള്ള ഗൂഢനീക്കങ്ങള്‍ അടുത്തിടെ ദയനീയമായി പരാജയപ്പെട്ടിരുന്നു. കൂടാതെ, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തക്ക സാഹചര്യമില്ലെന്ന് കേരള, കര്‍ണാടക മുഖ്യമന്ത്രിമാരും വ്യക്തമാക്കിയിരുന്നു. തങ്ങളെ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു സംഘടനയ്‌ക്കെതിരേ തിരിയുന്നത് കടുത്ത വഞ്ചനയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനാ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം ഉടന്‍ നീക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ഇമാറത്ത് ശരീഅ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒറീസ മേധാവിയുമായ മൗലാനാ വാലി റഹ്്മാനി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി, വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ മുഹമ്മദ് സജ്ജാദ് നുഅ്മാനി, ഡല്‍ഹി ഫത്തേഹ്പൂര്‍സിക്രി ശാഹി ഇമാമും ഖത്തീബുമായ മൗലാനാ മുഫ്ത്തി മുഖര്‍റം അഹമ്മദ്, മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി എംപി, ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാനാ തൗഖീര്‍ റാസാ ഖാന്‍, ജോധ്പൂര്‍ മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പ്രഫ. അക്താറുല്‍ വാസി, സക്കാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ ഡോ. സഫര്‍ മഹ്്മൂദ്, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ മുന്‍ പ്രസിഡന്റുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ മുസ്‌ലിം രാഷ്ട്രീയ സമിതി പ്രസിഡന്റ് ഡോ. തസ്‌ലിം റഹ്മാനി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

RELATED STORIES

Share it
Top