പോപുലര്‍ ഫ്രണ്ട് നിരോധനം നടപടി ജനാധിപത്യ വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്.
1908ലെ ക്രിമിനല്‍ നിയമ ഭേദഗതി ആക്ടിലെ സെക്ഷന്‍ 16 പ്രകാരം പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ സലിം എന്‍ജിനീയര്‍ ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സംഘടനകളെ നിരോധിക്കുന്ന സംസ്‌കാരം അപലപനീയമാണ്. ഇത് ഭരണഘടനയാല്‍ സംരക്ഷിതമായ മൗലീകാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്. സംഘടനകളെ നിരോധിക്കുന്നത് അടിസ്ഥാന പൗര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കേണ്ടത് പോലിസിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. നിയമ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരേ സര്‍ക്കാര്‍ നടപടി എടുക്കുകയാണെങ്കില്‍ അക്കാര്യം നിയമപരമായി കോടതിയില്‍ തെളിയിക്കുകയാണ് വേണ്ടത്. ഒരു സംഘടനയെ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും അന്യായവുമാണെന്നും സലിം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top