പോപുലര്‍ ഫ്രണ്ട് ഡേ: നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപകദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കും. കാസര്‍കോട്, തിരൂര്‍, മൂവാറ്റുപുഴ, പന്തളം എന്നിവിടങ്ങളിലാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അറിയിച്ചു.
2007 ഫെബ്രുവരി 17ന് ബംഗളൂരുവില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പൂര്‍വികന്‍മാര്‍ ജീവനും രക്തവും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണ്. ഈ സന്ദേശം ഉയര്‍ത്തിയാണ് ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്.
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നേതൃത്വംനല്‍കുന്ന വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്രാപിച്ച ഈ കാലഘട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമാണ്. ഹിന്ദുത്വ ഭരണത്തിന്‍കീഴില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും അസ്ഥിരപ്പെടുന്ന അസാധാരണ സാഹചര്യമാണുള്ളത്.
നീതിന്യായ വ്യവസ്ഥയിലെ അപഭ്രംശങ്ങള്‍ക്കെതിരേ കോടതിക്കുള്ളില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍, തെറ്റായ കോടതിവിധികള്‍ക്കെതിരേ നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങളെ ശരിവയ്ക്കുകയാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യഅടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നു.
ഇതുസംബന്ധിച്ച ആശങ്കകള്‍ ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഫാഷിസ്റ്റ് വിരുദ്ധ അജണ്ടയ്ക്ക് എല്ലാ വിഭാഗവും മുന്‍ഗണന നല്‍കേണ്ട അടിയന്തരസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നാസറുദ്ദീന്‍ എളമരം ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രചാരണപരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.

RELATED STORIES

Share it
Top