പോപുലര്‍ ഫ്രണ്ട് ഡേ : നഗരഹൃദയം കീഴടക്കി യൂനിറ്റി മാര്‍ച്ച്ഏറ്റുമാനൂര്‍: ഫാഷിസത്തിന്റെ കോമ്പല്ലുകളെ തൃണവല്‍ഗണിച്ച് നീതിക്കും സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും കാവല്‍ നില്‍ക്കാന്‍ തങ്ങളുണ്ടെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിച്ച് കരുത്തുറ്റ ചുവടുകളുമായി പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ അണിനിരന്ന യൂനിറ്റി മാര്‍ച്ച് ഏറ്റുമാനൂര്‍ നഗരത്തിന് വേറിട്ട കാഴ്ചയായി. ബാന്റുകളുടെ ചടുലതാളത്തില്‍ പട്ടാളച്ചിട്ടയൊപ്പിച്ച് വോളന്റിയേഴ്‌സ് നടത്തിയ മാര്‍ച്ച് കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്. മാര്‍ച്ച് തുടങ്ങിയ മംഗരം കലുങ്കിനു സമീപം മുതല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ ഇരുപാതയോരങ്ങളിലും നേരത്തെ തന്നെ കാണികള്‍ നിലയുറപ്പിച്ചു. യൂനിഫോമണിഞ്ഞ നൂറുകണക്കിന് കാഡറ്റുകളാണ് യൂനിറ്റി മാര്‍ച്ചില്‍ പങ്കെടുത്തത്. താളപ്പിഴവുകളില്ലാതെ തികഞ്ഞ അച്ചടക്കത്തോടെ പോപുലര്‍ ഫ്രണ്ട് കാഡറ്റുകള്‍ നടത്തിയ മാര്‍ച്ച് നിയമപാലകരുടെയും കാണികളുടെയുമെല്ലാം പ്രശംസ നേടി. കാവലാളാവുക നീതിയുടെ, സ്വാതന്ത്ര്യത്തിന്റെ, സുരക്ഷയുടെ എന്ന സന്ദേശമുയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് ഡേ ആയ ഇന്നലെ ഏറ്റുമാനൂരില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തിയത്. മാര്‍ച്ച് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കാണികള്‍ക്കായി 10 മിനിറ്റോളം ബാന്റ് ടീമുകളുടെ ഡെമോയും നവ്യാനുഭവമായി. മാര്‍ച്ചിന് തൊട്ടുപിന്നിലായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലാ നേതൃത്വവും തൊട്ടു പിന്നിലായി നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വനിതകളും അണിനിരന്ന പടുകൂറ്റന്‍ റാലിയും നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഹര്‍ഷപുളകമണിയിച്ചു. ശേഷം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളായി. മാര്‍ച്ച് കടന്നുപോവുന്ന റൂട്ടില്‍ ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ വോളന്റിയേഴ്‌സ് പ്രത്യേകം ശ്രദ്ധിച്ചു. അധികാരികള്‍ക്കും ജനങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കാവാതിരിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. സമ്മേളന നഗരി പൂര്‍ണമായും ശുചീകരിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.

RELATED STORIES

Share it
Top