പോപുലര്‍ ഫ്രണ്ട് ഡേ:യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും 17ന് പന്തളത്ത്

പത്തനംതിട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ ഫെബ്രുവരി 17ന് പന്തളത്ത് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് നിസാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ദിനാചരണം സംസ്ഥാനത്ത് പന്തളം, മൂവാറ്റുപുഴ, തിരൂര്‍, കാസര്‍ഗോഡ് കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 17ന് രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് നാലു മണിക്ക് പന്തളം ചിത്രാ ജങ്ഷനില്‍ നിന്നും യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും ആരംഭിക്കും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജങ്്ഷനു സമീപം ചേരുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, എന്‍ഡബ്ലിയുഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ, കാംപസ് ഫ്രണ്ട് ഓഫ്് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ മുഹമ്മദാലി, അബ്ദുല്‍ സലീം സംബന്ധിച്ചു. 2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക ദേശീയ തലത്തിലുള്ള പ്രവര്‍ത്തനം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

RELATED STORIES

Share it
Top