പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തിലെ വെള്ളിമുറ്റം, മുരുകാഞ്ഞിരം, പാതാര്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പ്രദേശത്തെ മൂന്നുപേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  കെ ശബരീശന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം പ്രദേശത്തെ 264-വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പനി സര്‍വേ, ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവയും, ആരോഗ്യ സന്ദേശ യാത്രയും നടത്തി. സര്‍വേയില്‍ പ്രദേശത്തെ പതിനൊന്ന് പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി. എന്നാല്‍, ഇവരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. റബര്‍ തോട്ടങ്ങള്‍, വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണത്താല്‍ ഉറവിടനശീകരണത്തോടൊപ്പം കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പനിയോ, മറ്റ് അസുഖങ്ങളോ കണ്ടാല്‍ സ്വയം ചികില്‍സ നടത്താതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടാനും നിര്‍ദേശമുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരും. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ അസീസ്, ബര്‍ത്തില ബേബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു കുര്യന്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ലിജു തോമസ്, എഡിഎസ് സെക്രട്ടറി ലൈലാ ബീഗം, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top