പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇടതുപക്ഷം അധികാരത്തിലേറി

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇടതുപക്ഷം അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ സി സുഭാഷും, വൈസ് പ്രസിഡന്റായി വത്സല അരവിന്ദനും അധികാരമേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സി സുഭാഷിന്റെ പേര് സി എച്ച് സുലൈമാന്‍ ഹാജി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കെ റുബീനയുടെ പേരും നിര്‍ദേശിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ എട്ടിനെതിരേ ഒന്‍പത് വോട്ടുകള്‍ക്ക് സുഭാഷ് വിജയിച്ചു. ഉച്ചയ്ക്ക് രണ്ടോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഡിഎഫ് ഭരണസമിതിയാണ് പോത്തുകല്ലില്‍ ഭരണം നടത്തിയിരുന്നത്.
ഞെട്ടിക്കുളം വാര്‍ഡംഗമായിരുന്ന താര മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടപ്പ് നടക്കുകയും, സിപിഎമ്മിലെ രജനി എന്‍പത്തിയെട്ട് വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകള്‍ ഇടത് പക്ഷത്തിന് ലഭിക്കുകയും അധികാരത്തിലെത്തുകയുമായിരുന്നു. വരണാധികാരി നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജെ ജ്യോതിഷ് കുമാര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.

RELATED STORIES

Share it
Top