പോത്തുകല്ലില്‍ അട്ടിമറി ജയം; ഭരണവും ഇടതിന്

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഞെട്ടിക്കുളം ഉപതിരഞ്ഞെടുപ്പില്‍ 88 വോട്ടുകള്‍ക്ക്് സിപിഎം സ്ഥാനാര്‍ഥി രജനി യുഡിഎഫിലെ അനുസ്മിതയെ പരാജയപ്പെടുത്തി. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതിയായി. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിനായിരുന്നു വോട്ടെണ്ണല്‍. പതിനഞ്ച് മിനിട്ടിനുള്ളില്‍ രണ്ട് ബൂത്തുകളിലേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഒന്നാം നമ്പര്‍ ബൂത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടില്‍ 212 വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥി രജനി നേടി. യുഡിഎഫ് സ്ഥാനാര്‍ഥി 197 വോട്ടും, ബിജെപി സ്ഥാനാര്‍ഥി പതിനാല് വോട്ടുമാണ് നേടിയത്. പതിനഞ്ച് വോട്ടുകളാണ് ഇടത് സ്ഥാനാര്‍ഥിക്ക് ഒന്നാം നമ്പര്‍ ബൂത്തില്‍ ലീഡ് ലഭിച്ചത്. രണ്ടാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്തവയില്‍ 327 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി 254 വോട്ടും, ബിജെപി സ്ഥാനാര്‍ഥി ഇരുപത് വോട്ടും നേടി. എഴുപത്തിമൂന്ന് വോട്ടുകളുടെ ലീഡാണ് ഇടത് സ്ഥാനാര്‍ഥിക്ക് രണ്ടാം നമ്പര്‍ ബൂത്തില്‍ ലഭിച്ചത്.
മൊത്തം എണ്‍പത്തിയെട്ട് വോട്ടുകളുടെ ഭൂരിപക്ഷമാണ് രജനിക്കുള്ളത്. നോട്ടയ്ക്ക് ഒരു വോട്ടും ലഭിച്ചില്ലെന്നത് ഏറെ പ്രതേ്യകതയാണ്. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫാണ് ഭരണം നടത്തിയിരുന്നത്. യുഡിഎഫിലെ താര മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇരു മുന്നണികള്‍ക്കും എട്ട് വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഭരണസാരഥ്യം നിലനിര്‍ത്തുന്നതിനുള്ള തിരഞ്ഞെടുപ്പായിരുന്നതിനാല്‍ വീറും വാശിയും നിറഞ്ഞ പ്രചരണങ്ങളും, തിരഞ്ഞെടുപ്പുമാണ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 84 വോട്ടുകള്‍ക്കാണ് താര സിപിഎമ്മിലെ കെ കെ രത്‌നമ്മയെ പരാജയപ്പെടുത്തിയത്. ഈ ആത്മവിശ്വാസത്തില്‍ വിജയം സുനിശ്ചിതമാകുമെന്ന് യുഡിഎഫ് നേതാക്കള്‍ കരുതിയിരുന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം തകിടം മറിച്ച് ഇടത് സ്ഥാനാര്‍ഥി വിജയിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി യുഡിഎഫ് നടത്തിവന്ന ഭരണത്തിന് അറുതിയാവുകയും ചെയ്തു. അതേസമയം, ഇവിടെ ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.
2016ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുളം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 83 വോട്ടുകള്‍ ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നൂറ്റിയന്‍പതോളം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍, 34വോട്ടുകള്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് നേടാനായത്. ബിജെപി വോട്ടുകള്‍ യുഡിഎഫ് നേതൃത്വം വിലയ്ക്ക് വാങ്ങിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുകയാണ് ബിജെപി വോട്ടിലുണ്ടായ വന്‍ കുറവ്.

RELATED STORIES

Share it
Top