പോട്ട-ആതിരപ്പിള്ളി റോഡില്‍ തണല്‍മരങ്ങള്‍ വെട്ടിമാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു

ചാലക്കുടി: വഴിയോരത്തെ തണല്‍മരങ്ങള്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പോട്ട-അതിരപ്പിള്ളി റോഡിലാണ് വഴിയോര തണല്‍മരങ്ങള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. പതിനഞ്ചില്‍പരം മരങ്ങളാണ് ഇവിടെ നശിപ്പിച്ചിരിക്കുന്നത്.
മരങ്ങളുടെ ശാഖകള്‍ വെട്ടിനശിപ്പിച്ചതിന് പുറമെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കുകയും ചെയ്തുവെന്നാണ് ആരോപണം. അപകടഭീഷണി ഒന്നുമില്ലാത്ത തണല്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സൗകര്യം ഒരുക്കാനാണെന്നാണ് ആക്ഷേപം. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ചവയാണ് നശിപ്പിക്കപ്പെട്ട മരങ്ങള്‍.
പാപ്പാളി ജംഗ്ഷന്‍ ഭാഗത്താണ് കൂടുതലായും മരങ്ങള്‍ നശിപ്പിച്ചിട്ടുള്ളത്. റോഡിന് സമാന്തരമായി പോകുന്ന വലതുകര പോട്ട മെയില്‍ കനാലിന്റെ വശത്താണ് മരങ്ങള്‍ നിന്നിരുന്നത്. തണല്‍ നല്കുന്ന ഈ മരങ്ങള്‍ വഴിയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്കിയിരുന്നു.
പനമ്പിള്ളി ഗവ.കോളജിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഈ റോഡിലൂടെയാണ് നടന്ന് പോകുന്നത്.
തൃശൂരില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള സഞ്ചാരികളും ഇതുവഴിയാണ് കടന്ന് പോകുന്നത്. മഴക്കാലത്ത് അപകടം ഒഴിവാക്കാനായാണ് മരങ്ങള്‍ വെട്ടിമാറ്റിയതെന്നാണ് ഒരു വിഭാഗം പറയുന്നത്.
മരം മുറിക്കാന്‍ കൂട്ട് നിന്ന ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്കെതിരേയും സോഷ്യല്‍ ഫോറസ്റ്ററി അധികൃതര്‍ക്കെതിരേയും നടപിട വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

RELATED STORIES

Share it
Top