പൊള്ളാച്ചി: കാര്‍ കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികള്‍ മരിച്ചു

അങ്കമാലി: അങ്കമാലിയില്‍നിന്ന് വിനോദയാത്രയ്ക്കു പോയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയില്‍ വച്ചു നിയന്ത്രണംവിട്ട് കനാലിലേക്കു മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കനാലിലെ ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അങ്കമാലി ഏഴാറ്റുമുഖം കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ പോള്‍ (20), മൂക്കന്നൂര്‍ പറമ്പയം പറപ്പിള്ളി ജോയിയുടെ മകന്‍ ജിതിന്‍ (27), മാണിക്യമംഗലം കോലഞ്ചേരി കെ പി ഔസേഫിന്റെ മകന്‍ ജാക്‌സണ്‍ (20), അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ജോണിയുടെ മകന്‍ റിജോ (33) എന്നിവരാണ് മരിച്ചത്. ഇതില്‍ റിജോയുടെ മൃതദേഹമാണ് കണ്ടെത്താനുള്ളത്. മൂക്കന്നൂര്‍ പറമ്പയം പുതുശേരി പോള്‍ പി ജോസഫിന്റെ മകന്‍ ആല്‍ഫ(20)യാണു രക്ഷപ്പെട്ടത്. ഇയാളെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ടോടെയാണ് അഞ്ചംഗ സംഘം കാറില്‍ വിനോദയാത്രയ്ക്കു പുറപ്പെട്ടത്. മൂന്നാര്‍ മറയൂര്‍ വഴി പൊള്ളാച്ചിക്ക് പോകുംവഴിയാണ് അപകടം. അമല്‍ പോളും ജാക്‌സണും റിജോയും സഹോദരിമാരുടെ മക്കളാണ്. റിജോയുടെ സുഹൃത്തുക്കളാണ് ജിതിനും ആല്‍ഫയും. അമല്‍ പോള്‍ ചാലക്കുടി പൂലാനി നിര്‍മല കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. ചുള്ളിതോട്ടക്കര മിനിയാണ് മാതാവ്. സഹോദരി: അനില. ജിതിന്‍ എംസിഎ കഴിഞ്ഞ് വിദേശത്തു പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വിസിറ്റിങ് വിസയില്‍ ദുബയില്‍ പോയി മടങ്ങിയെത്തിയിട്ട് മൂന്നാഴ്ചയേ ആയിട്ടുള്ളൂ. മേരിയാണ് ജിതിന്റെ മാതാവ്. സഹോദരി: ജിത. ജാക്‌സണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി നോക്കിവരുകയായിരുന്നു. ത്രേസ്യയാണ് മാതാവ്. സഹോദരങ്ങള്‍: ജോസ്മി, ജിസ്മി, ജാസ്മി. റിജോ ദുബയില്‍ നിന്ന് എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം ദുബയില്‍ പോയി രണ്ടു വര്‍ഷം കഴിഞ്ഞ് ആദ്യമായാണ് നാട്ടില്‍ വരുന്നത്. റോസിലിയാണ് റിജോയുടെ മാതാവ്. സഹോദരി: സുനൈന. ജാക്‌സന്റെ സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് മാണിക്കമംഗലം സെന്റ് റോക്കിസ് പള്ളി സെമിത്തേരിയിലും അമല്‍ പോളിന്റെ സംസ്‌കാരം  ഉച്ചകഴിഞ്ഞ് 3ന് ഏഴാറ്റമുഖം സെന്റ് തോമസ് പള്ളി സെമിത്തേരിയിലും ജിതിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3ന് പറമ്പയം പള്ളി സെമിത്തേരിയിലും നടക്കും.

RELATED STORIES

Share it
Top