പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചുകോന്നി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വകയാര്‍ കൊല്ലന്‍ പടി ഗോകുലത്തില്‍ രതീഷിന്റെ ഭാര്യ രമ്യ (30)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് മരണം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രമ്യയുടെ വീടായ റാന്നി ഉതിമൂട് നടുവിലേത്ത് വീട്ടവളപ്പില്‍ ഇന്നലെ സന്ധ്യയോടെ സംസ്‌കാരം നടത്തി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ കുടുംബകലഹത്തെ തുടര്‍ന്ന് രതീഷ് രമ്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഏക മകന്‍ അഭിനവിന്റ (5) വസ്ത്രത്തിലേക്കും പെട്രോള്‍ തെറിച്ചു വീഴുകയായിരുന്നു. തീ കൊളുത്തിയപ്പോള്‍ കുട്ടിക്കും പൊള്ളലേറ്റു. ബഹളം കേട്ട് ഓടി വന്ന സമീപവാസികള്‍ പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞാണ് ഇരുവരുടെയും ശരീരത്തിലെ തീയണച്ചത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ രതീഷ് പത്തനംതിട്ട സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

RELATED STORIES

Share it
Top