പൊരുതി വീണ് സ്വിറ്റ്‌സര്‍ലന്‍ഡ്; ഒറ്റഗോളില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ തുല്യശക്തികളുടെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 66ാം മിനിറ്റില്‍ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡന് വേണ്ടി ലക്ഷ്യം കണ്ടത്.
ജീവന്‍മരണ പോരാട്ടത്തില്‍ 4-4-2 ശൈലയില്‍ സ്വീഡന്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-2-3-1 ശൈലിയിലായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ് തന്ത്രം മെനഞ്ഞത്. സ്വീഡന്റെ ടെച്ചോടെ തുടങ്ങിയ മല്‍സരത്തിന്റെ ആദ്യ മിനിറ്റില്‍ത്തന്നെ സ്വീഡന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധത്തെ ഭേദിക്കാനായില്ല.മൂന്നാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയുടെ ലോങ് റേഞ്ചര്‍ ഷോട്ടും പ്രതിരോധത്തിന് മുന്നില്‍ ലക്ഷ്യം കാണാതെ പോയി. ആദ്യ മിനിറ്റുകളില്‍ മികച്ചമുന്നേറ്റങ്ങള്‍ കാഴ്ചവച്ച സ്വീഡിഷ് നിര സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചു. ഏഴാം മിനിറ്റില്‍ വലത് വിങിലൂടെ മുന്നേറിയ സ്വീഡിഷ് താരം മാര്‍ക്‌സ് ബെര്‍ഗിന്റെ ഷോട്ട് അലക്ഷ്യമായി പുറത്തുപോയി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍മുഖത്ത് സ്വീഡന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ലഭിച്ച അവസരങ്ങളില്‍ ഷാക്കിരി സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. 11ാം മിനിറ്റില്‍ ബോകസിനുള്ളിലേക്ക് ഷാക്കിരി നല്‍കിയ തകര്‍പ്പന്‍ ക്രോസിനെ വരുതിയിലാക്കാന്‍ സെമൈലിക്ക് സാധിക്കാതെ വന്നതോടെ സ്വീഡിഷ് ഗോളി ഒല്‍സന്‍ മുന്നോട്ട് കയറി അപകടം ഒഴിവാക്കി.  13ാം മിനിറ്റില്‍ ഷാക്കിരിയുടെ ലോങ് റേഞ്ച് ഷോട്ടിനും ലക്ഷ്യം കണ്ടെത്താനായില്ല. 24ാം മിനിറ്റിലും ഷാക്കിരിയുടെ കൃത്യതയാര്‍ന്ന ക്രോസ് സ്വീഡിഷ് ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും സ്റ്റുബറിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. പന്തടക്കത്തില്‍ വ്യക്തമായ ആധിപത്യം സ്വിറ്റ്‌സര്‍ലന്‍ഡ് നേടിയെടുത്തെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 41ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ സ്വീഡന് ലഭിച്ച സുവര്‍ണാവസരം ആല്‍ബിന്‍ എക്ഡല്‍ പാഴാക്കിക്കളഞ്ഞു. പോസ്റ്റിന് തൊട്ടുമുന്നിലേക്ക് ലഭിച്ച ക്രോസിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എക്ഡല്‍ ഷോട്ടെടുത്തെങ്കിലും ഗോള്‍പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്കുപോയി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഷാക്കിരിയെടുത്ത ഫ്രീകിക്ക് സ്വീഡിഷ് ഗോള്‍കീപ്പര്‍ ഒല്‍സന്‍ സുരക്ഷിതമായി സേവ് ചെയ്തു. ആദ്യ പകുതിയില്‍ ഒരു മിനിറ്റ്് അധിക സമയം ലഭിച്ചെങ്കിലും ഗോള്‍ പിറക്കാതെ വന്നതോടെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് ഇരു കൂട്ടരും പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കം തന്നെ സ്വീഡന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്വിസ് ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലക്ഷ്യം കാണാതെ പുറത്തുപോയി. 63ാം മിനിറ്റില്‍ ഫോഴ്‌സ്ബര്‍ഗനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബോക്‌സിന് തൊട്ടുപുറത്ത് നിന്നും സ്വീഡന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. ഒടുവില്‍ 66ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആരാധകരെ നിരാശരാക്കി സ്വീഡിഷ് നിര അക്കൗണ്ട്് തുറന്നു. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഫോഴ്‌സ്ബര്‍ഗ് തൊടുത്ത ഷോട്ട് മാനുവല്‍ അകാന്‍ജിയുടെ കാലില്‍ത്തട്ടി വലയിലെത്തുകയായിരുന്നു. 1-0ന് സ്വീഡന്‍ മുന്നില്‍.
മല്‍സരത്തില്‍ ലീഡ് വഴങ്ങിയതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ടീമില്‍ മാറ്റം വരുത്തി. സൊമൈലിയെ പിന്‍വലിച്ച് സഫറോവിക്കിനെയും സ്റ്റിയൂബറിന് പകരം എംബോളോയും കളത്തിലിറങ്ങി. 78ാം മിനിറ്റില്‍ ഷാക്കിരിയുടെ കോര്‍ണറില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍മടക്കുമെന്ന് തോന്നിച്ചെങ്കിലും ഫോഴ്‌സ്ബര്‍ഗും ഗ്രാന്‍ക്വിസ്്റ്റും ചേര്‍ന്ന് സ്വീഡനെ രക്ഷിച്ചു. ഗോള്‍മടക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നിര വിയര്‍ത്തു കളിച്ചെങ്കിലും സ്വീഡിഷ് പ്രതിരോധം കടുത്ത വെല്ലുവിളി ഉയര്‍ത്തി. 91ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോഡ്രിഗസിന്റെ ക്രോസില്‍ സഫറോവിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും ഒല്‍സന്റെ സേവ് സ്വീഡനെ രക്ഷിച്ചു.
മല്‍സരത്തിന്റെ 94ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് സ്വീഡിഷ് താരത്തെ ഫൗള്‍ ചെയ്തതിന് ലഗിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ആദ്യം പെനല്‍റ്റി വിധിച്ചെങ്കിലും പിന്നീട് വാറിലൂടെ ബോക്‌സിന് പുറത്താണെന്ന് വ്യക്തമായതിനാല്‍ പെനല്‍റ്റി നിഷേധിച്ചു. അനുവദിച്ച് കിട്ടിയ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സ്വീഡിഷ് നിരക്ക് സാധിക്കാതെ വന്നെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ കാണാതെ നാട്ടിലേക്ക് മടങ്ങി.

RELATED STORIES

Share it
Top