പൊരുതി നേടി ഫ്രാന്‍സ്; ആസ്‌ത്രേലിയക്കെതിരേ ആവേശ ജയംകസാന്‍: ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരേ ഫ്രാന്‍സിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് നിര വിജയം കൊയ്തത്. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനും 81ാം മിനിറ്റില്‍ പോള്‍ പോഗ്ബയും ഫ്രാന്‍സിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ 62ാം മിനിറ്റില്‍ ജെഡിനാക്കാണ് ആസ്‌ത്രേലിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഈ ലോകകപ്പിലെ ഫേവറേറ്റുകളിലെ ഒരു ടീമായ ഫ്രഞ്ച് നിര മികവിനൊത്ത പ്രകടനമല്ല പുറത്തെടുത്തത്. പതിവ് ശൈലിയായ 4-3-3 ഫോര്‍മാറ്റില്‍ ഫ്രാന്‍സ് അണിനിരന്നപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ആസ്‌ത്രേലിയയുടെ പടപ്പുറപ്പാട്. സൂപ്പര്‍ താരങ്ങളായ അന്റോണിയ ഗ്രിസ്മാന്‍, എംബാപ്പെ, ഡെംബല, പോഗ്ബ, ഉംറ്റിറ്റി എന്നിവരെയെല്ലാം ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍ തന്നെ ഇടം നേടി. എന്നാല്‍ തുടക്കം മുതല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത ആസ്‌ത്രേലിയക്ക് മുന്നില്‍ ആദ്യ പകുതിയില്‍ ഫ്രഞ്ച്പട നന്നായി വിയര്‍ത്തു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നതല്ലാതെ മികവിനൊത്ത ഒരു മുന്നേറ്റം പോലും ഫ്രാന്‍സ് താരങ്ങള്‍ക്ക് കാഴ്ചവയ്ക്കാനായില്ല.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിലും ഗോളകന്ന് നിന്നെങ്കിലും 58ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യം ഫ്രാന്‍സിനെത്തേടിയെത്തി. അന്റോണിയോ ഗ്രിസ്മാനെ ബോക്‌സിനകത്ത് ജോഷ്വാ റിഡ്‌സണ്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയെ ഗ്രിസ്മാന്‍ ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കുകയായിരുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) ഉപയോഗിച്ചാണ് റഫറി പെനല്‍റ്റി വിധിച്ചത്. ഫ്രാന്‍സ് 1-0ന് മുന്നില്‍.
എന്നാല്‍  നാല് മിനിറ്റിനുള്ളില്‍ പെനല്‍റ്റി ഭാഗ്യം ആസ്‌ത്രേലിയയെയും തേടിയെത്തി. ഹാന്‍ഡ് ബോളിന് ആസ്‌ത്രേലിയക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റിയെ കിക്കെടുത്ത ജെഡിനാക്ക് വലയിലെത്തിച്ചതോടെ മല്‍സരം 1-1 എന്ന നിലയിലേക്ക്. മല്‍സരം സമനിലയിലേക്കെത്തിയതോടെ പോരാട്ടച്ചൂടേറി. ഗോള്‍ വഴങ്ങി എട്ട് മിനിറ്റിനുള്ളില്‍ ഫ്രഞ്ച് നിരയില്‍ രണ്ട് മാറ്റങ്ങള്‍ വന്നു. ഗ്രിസ്മാനെയും ഡെബല്ലെയെയും മടക്കിവിളിച്ച് ഒലിവര്‍ ജിറൗഡിനെയും ഫ്രക്രിയെയും കളത്തിലിറക്കി. പിന്നീടുള്ള സമയത്ത് ഫ്രഞ്ച് നിരയുടെ മിന്നല്‍ ആക്രമണങ്ങളെ ആസ്‌ത്രേലിയയുടെ പ്രതിരോധം പല തവണ തടുത്തുനിര്‍ത്തിയെങ്കിലും 81ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് സ്വന്തമാക്കി. പോള്‍ പോഗ്ബയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍. പിന്നീടുള്ള സമയത്ത് ഫ്രാന്‍സിന്റെ പ്രതിരോധക്കരുത്തിനെ വെല്ലാന്‍ ആസ്‌ത്രേലിയക്ക് സാധിക്കാതെ വന്നതോടെ 2-1ന്റെ ആവേശ ജയത്തോടെ ലോകകപ്പിലെ ആദ്യ മല്‍സരം ഫ്രാന്‍സ് അവിസ്മരണീയമാക്കി.  ജയത്തോടെ ഗ്രൂപ്പ് സിയില്‍ നിര്‍ണായകമായ മൂന്ന് പോയിന്റും ഫ്രാന്‍സ് സ്വന്തമാക്കി.

RELATED STORIES

Share it
Top