പൊരുതി തോറ്റ് റോമന്‍ പോരാളികള്‍; ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍


റോം: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരാളി ലിവര്‍പൂള്‍. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ റോമയോട് 4-2ന് ലിവര്‍പൂള്‍ മുട്ടുമടക്കിയെങ്കിലും ആദ്യ പാദത്തില്‍ നേടിയ (5-2) ജയത്തിന്റെ കരുത്തില്‍ ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ഇരു പാദങ്ങളിലുമായി 7-6നായിരുന്നു ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം.
റോമയുടെ സ്വന്തം തട്ടകത്തില്‍വച്ച് നടന്ന മല്‍സരത്തില്‍ ഇരു കൂട്ടരും 4-3-3 ഫോര്‍മാറ്റിലാണ് കളത്തിലിറങ്ങിയത്. മല്‍സരത്തില്‍ ആദ്യ വലകുലുക്കി കരുത്ത് കാട്ടിയത് ലിവര്‍പൂളായിരുന്നു. ഒമ്പതാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ അസിസ്റ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 11ാം മിനിറ്റില്‍ റോമ ഗോള്‍ മടക്കി. ലിവര്‍പൂള്‍ പ്രതിരോധനിര താരം ജെയിംസ് മില്‍നറുടെ സെല്‍ഫ് ഗോളിലാണ് റോമ സമനില കണ്ടെത്തിയത്. സ്വന്തം ബോക്‌സിലേക്കെത്തിയ പന്ത് ലിവര്‍പൂള്‍ പ്രതിരോധ താരം ഡെജാന്‍ ലെവ്‌റോന്‍ ക്ലിയര്‍ ചെയ്ത് വിട്ടത്, സഹതാരമായ ജെയിംസ് മില്‍നറിന്റെ മുഖത്തിടിച്ച് ലിവര്‍പൂള്‍ വലയിലേക്ക് തന്നെ കയറി. എന്നാല്‍ 25ാം മിനിറ്റില്‍ വിജിനാല്‍ഡും ചെമ്പടയ്ക്കായി വലകുലുക്കിയതോടെ ആദ്യ പകുതി 2-1ന്റെ ലീഡോടെയാണ് ലിവര്‍പൂള്‍ പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് റോമന്‍ താരങ്ങള്‍ നല്‍കിയത്. ഇറ്റാലിയന്‍ ലീഗിന്റെ കളിക്കരുത്തെന്തെന്ന് പ്രീമിയര്‍ ലീഗുകാരെ കാട്ടിക്കൊടുത്തായിരുന്നു റോമയുടെ രണ്ടാം പകുതിയിലെ പ്രകടനം. 52ാം മിനിറ്റില്‍ സൂപ്പര്‍ താരം എഡിന്‍ സീക്കോയിലൂടെ റോമ സമനില പിടിച്ചു. അവസാന മിനിറ്റുകളില്‍ ലിവര്‍പൂളിനെ ചിത്രത്തിലേ ഇല്ലാതാക്കി ആക്രമണം അഴിച്ചുവിട്ട റോമന്‍ താരങ്ങള്‍ 86ാം മിനിറ്റില്‍ ലീഡെടുത്തു. റാഡ്ജ നൈന്‍ഗോളനാണ് റോമയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. അധിക സമയത്ത് പെനല്‍റ്റി ഭാഗ്യം റോമയെ തുണച്ചപ്പോള്‍ കിക്കെടുത്ത റാഡ്ജ നൈന്‍ഗോളന് പിഴച്ചില്ല. തൊട്ടപിന്നാലെ ഫൈനല്‍ വിസില്‍സ മുഴങ്ങിയപ്പോള്‍ 4-2ന്റെ തകര്‍പ്പന്‍ ജയം റോമയ്‌ക്കൊപ്പം നിന്നെങ്കിലും ആദ്യ പകുതിയിലെ തോല്‍വിയുടെ കണക്കു പ്രകാരം 7-6ന്റെ തോല്‍വിയോടെ ഫൈനല്‍ കാണാതെ പുറത്തുപോവേണ്ടി വന്നു.  2007ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്.

RELATED STORIES

Share it
Top